25 March, 2020 01:44:46 PM
കൊറോണ ബാധിതനെന്ന് മുദ്രകുത്തി; ഊട്ടി സ്വദേശിയെ മലയാളി കുത്തിക്കൊന്നു
ഗൂഡല്ലൂര്‍: കൊറോണ രോഗി എന്ന് മുദ്രകുത്തിയതിന്‍റെ പേരില്‍ മലയാളി തമിഴ്നാട് സ്വദേശിയെ കുത്തിക്കൊന്നു. ഊട്ടിയില്‍ ചുമട്ടുതൊഴിലാളിയായ ജ്യോതിമണിയെയാണ് പാലക്കാട് സ്വദേശി കുത്തിക്കൊന്നത്. ഇന്നലെ ഉച്ചയോടെ ഊട്ടി മാര്‍ക്കറ്റിലെ ഹോട്ടലിലായിരുന്നു സംഭവം. ജ്യോതിമണിയും സുഹൃത്തും ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഹോട്ടല്‍ തൊഴിലാളിയായ ദേവദാസ് ഇവര്‍ക്കരികിലേക്ക് വരികയായിരുന്നു. സംസാരത്തിനിടയില്‍ കേരളത്തിലേക്ക് പോയ കാര്യം ദേവദാസ് ഇവരോട് പറഞ്ഞു.
ഇതോടെ ജ്യോതിമണി കൊറോണ ബാധിതനെന്ന് വിളിച്ച് ദേവദാസിനെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റവും സംഘര്‍ഷവും നടക്കുന്നതിനിടെ പ്രകോപിതനായ ദേവദാസ് ഹോട്ടലില്‍ പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ജ്യോതിമണിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു