01 February, 2020 08:23:49 PM


അമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്



പാലാ: അമ്മയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്. ഭരണങ്ങാനം മങ്കര കുറ്റിക്കാട്ട് വീട്ടിൽ ബെന്നി ജോസഫിനെ(45)യാണ്  പാലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.  തടവിന് ഒപ്പം ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.


2015 ഫെബ്രുവരി 21ന് രാവിലെ 10ന് അടുക്കളയിൽ ആയിരുന്ന മാതാവ് ത്രേസ്യാമ്മയുടെ തലയിൽ കോടാലി കൊണ്ട് പല തവണ വെട്ടി കൊലപ്പെടുത്തി എന്നായിരുന്നു കേസ്സ്. അന്നത്തെ  പാലാ സി.ഐ. കെ.പി. ജോസ്, എസ്. ഐ കെ.പി. തോംസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 


സംഭവ സമയം സ്ഥലത്തില്ലാതിരുന്ന ഇളയ മകൻ സിബി ജോസഫ് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു ത്രേസ്യാമ്മ. ഉടൻ  സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം പ്രതി ബെന്നി ജോസഫ് മുറി അടച്ച്  ഒളിച്ചിരിക്കുകയായിരുന്നു. സർക്കാരിന് വേണ്ടി എ.പി.പി.അഡ്വ. ഏഴാച്ചേരി  വി.ജി.വേണുഗോപാൽ ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K