09 January, 2020 05:31:54 PM
കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവെച്ച് കൊന്ന കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
കളിയിക്കാവിള: എ.എസ്.ഐ വിന്‍സെന്‍റിനെ വെടിവെച്ച് കൊന്ന കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. പൂന്തുറ സ്വദേശിയെയാണത്രേ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് തമിഴ്നാട് ഡി.ജി.പി പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറുത്തുവിടാനാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
കേസില്‍ തീവ്രസ്വഭാവമുള്ള സംഘടനയില്‍പ്പെട്ടവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കൃത്യത്തിന് ശേഷം സമീപത്തെ ആരാധനാലയത്തിന് മുന്നിലൂടെ രക്ഷപെട്ട രണ്ട് പ്രതികളുടെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കന്യാകുമാരി ജില്ലക്കാരായ അബ്ദുള്‍ സമീം, തൗഫീഖ് എന്നിവരെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. തമിഴ്നാട് പൊലീസിനൊപ്പം കേരള പൊലീസും പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ തമിഴ്നാട് ഡി.ജി.പി ജെ. കെ ത്രിപാഠി സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി.