04 January, 2020 08:02:52 AM
മെഡിസെപിന് പുതിയ ടെൻഡർ; റിലയൻസിനെ ഒഴിവാക്കാമെന്ന് നിയമോപദേശം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിനായി പുതിയ ടെൻഡർ നടപടികള്‍. ഈ നടപടികളിൽ നിന്ന് റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനിയെ ഒഴിവാക്കാമെന്നു നിയമോപദേശം. മെഡിസെപ് നടത്തിപ്പിനായി നേരത്തേ കരാർ ഏറ്റെടുത്ത റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനി ലിമിറ്റഡിനു പദ്ധതി നടത്തിപ്പിൽ പാളിച്ചയുണ്ടായ സാഹചര്യത്തിലാണ് പുതിയ ടെൻഡർ നടപടികളിൽ നിന്ന് ഇവരെ ഒഴിവാക്കാമെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ഇക്കാര്യത്തിൽ നിയമപരമായ വ്യക്തത തേടി ധനവകുപ്പ് എജിയുടെ നിയമോപദേശം തേടിയിരുന്നു.
ഇൻഷ്വറൻസ് റെഗുലേറ്ററി അഥോറിറ്റിയുടെ മാനദണ്ഡം ലംഘിച്ച വിവിധ ഇൻഷ്വറൻസ് കന്പനികളെ വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവാക്കിയ സുപ്രീം കോടതി വിധിയും നിയമോപദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുന്ന സാന്പത്തിക വർഷം ആദ്യം മുതൽ മെഡിസെപ് പദ്ധതി സംസ്ഥാനത്തു നടപ്പാക്കുകയാണു സർക്കാർ ലക്ഷ്യം. പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്കായി കൂടുതൽ ചികിത്സാ പദ്ധതികൾ ഉൾപ്പെടുത്തുന്നതിനെ ക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ മുൻ ധനവിനിയോഗ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഉൾപ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി വൈകാതെ റിപ്പോർട്ട് നൽകും.
സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളടക്കം പുതിയ ടെൻഡർ നടപടികളിലേക്കു സർക്കാർ കടക്കും. കൂടുതൽ ചികിത്സാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്പോൾ പ്രതിമാസം 500- 600 രൂപയെങ്കിലും പ്രീമിയമാകുമെന്നാണു കരുതുന്നത്. അധികതുക ജീവനക്കാരുടെ ശന്പളത്തിൽ നിന്ന് ഈടാക്കും. സർക്കാർ ജീവനക്കാർ, പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാർ, എയ്ഡഡ് സ്കൂളുകൾ അടക്കമുള്ള അധ്യാപക- അനധ്യാപകർ, സർവകലാശാല, തദ്ദേശ സ്വയംഭരണ ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരടക്കം 11 ലക്ഷം കുടുംബങ്ങളായിരുന്നു മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പു ചുമതല റിലയൻസ് ജനറൽ ഇൻഷ്വറൻസ് കന്പനി ലിമിറ്റഡിന് ടെൻഡർ നൽകാൻ തീരുമാനിച്ചു.
ജിഎസ്ടി ഉൾപ്പെടെ 2992.48 രൂപയുടെ വാർഷിക പ്രീമിയത്തിനാണു റിലയൻസ് ടെൻഡർ നേടിയത്. മെഡിക്കൽ അലവൻസായി ജീവനക്കാർക്കു പ്രതിമാസം ലഭിക്കുന്ന 300 രൂപയിൽ 250 രൂപ വീതം ഈടാക്കാനായിരുന്നു തീരുമാനം. ഓരോ കുടുംബത്തിനും വർഷം രണ്ടു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായിരുന്നു നേരത്തേയുള്ള വ്യവസ്ഥ. അവയവം മാറ്റിവയ്ക്കലിനും മറ്റു ഗുരുതര രോഗങ്ങൾക്കും മൂന്നുവർഷത്തേക്ക് ആറുലക്ഷം രൂപയുടെ അധിക സഹായവും ലഭിക്കും. ഈ രണ്ട് ആനുകൂല്യവും ചികിത്സയ്ക്കു തികഞ്ഞില്ലെങ്കിൽ മൂന്നു ലക്ഷം കൂടി കുടുംബത്തിന് അനുവദിക്കാനും വ്യവസ്ഥയുണ്ടായിരുന്നു.
ഇത്തരം വ്യവസ്ഥകള്‍ ഏറെയുണ്ടെങ്കിലും ഔട്ട്പേഷ്യന്റ് ചികിത്സയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിച്ചിരുന്നില്ല. സ്പെഷലൈസ്ഡ് ആശുപത്രികൾ അടക്കം മെഡിസെപ് പദ്ധതിയുമായി സഹകരിച്ചില്ല. സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്ററും ആർസിസിയും അടക്കമുള്ള ആശുപത്രികൾ പദ്ധതിയിൽ അംഗമായില്ല. താലൂക്ക് തലത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളെ മെഡിസെപ് പദ്ധതിയിലേക്ക് എംപാനൽ ചെയ്യുന്നതിലും പരാജയപ്പെട്ടു. ഇതോടെ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ മെഡിസെപ് പദ്ധതിക്കെതിരേ രംഗത്തെത്തി. ഇതോടെയാണ് പദ്ധതി പരാജയപ്പെട്ടത്.