12 August, 2025 03:29:40 PM


'വ്യാജരേഖ ചമച്ചു'; സുരേഷ് ഗോപിക്കെതിരെ പരാതി നൽകി ടി എൻ പ്രതാപൻ



തൃശൂർ‌: വ്യാജരേഖ ചമച്ച് വോട്ട് ചേർത്തെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ടി എൻ പ്രതാപന്റെ പരാതി. വ്യാജരേഖ ചമച്ചു എന്നും വ്യാജ സത്യവാങ്മൂലം നൽകിയെന്നും ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തൃശൂർ എസിപി പരാതി അന്വേഷിക്കും. ജില്ലാ ഭരണാധികാരി കൂടിയായ കളക്ടറോട് പരാതിയിൽ നിർദേശം തേടാനാണ് പൊലീസ് നീക്കം. വിഷയത്തിൽ വിശദമായ നിയമപദേശവും തേടും. വ്യാജരേഖ ചമച്ചതടക്കം ഉള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.

സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ടുണ്ടെന്നും ഇത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള കുറ്റവുമാണ് ഇരട്ട വോട്ട്. അത്തരമൊരു ഗൂഢാലോചനക്ക് നേതൃത്വം കൊടുത്ത ആളാണ് സുരേഷ് ഗോപിയെന്ന് പ്രതാപൻ വിമർശിച്ചു. ഗൂഢാലോചനയിൽ സംഘപരിവാറിന്റെ ആളുകളെയും കുടുംബാംഗങ്ങളെയും സുരേഷ് ഗോപി ഉൾപ്പെടുത്തിയെന്ന് ടി എൻ പ്രതാപൻ ആരോപിച്ചു.
ഇരട്ട വോട്ടുകൾ സഹിതം ഉള്ള ക്രമക്കേടുകൾക്കെതിരെ കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി. 

സിറ്റി പൊലീസ് കമ്മീഷണർക്ക് ഇക്കാര്യങ്ങൾ കൂടി ഉന്നയിച്ചാണ് പരാതി നൽകിയത്. വരണാധികാരിയായ ജില്ലാ കളക്ടറുടെ കയ്യിൽ പ്രാഥമിക വിവരങ്ങൾ തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചതായി ടി എൻ പ്രതാപൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആപ്പുകൾ ഉപയോഗിച്ച് ഡാറ്റ പരിശോധന ആരംഭിച്ചു. ഡാറ്റ പരിശോധനയുടെ ഭാഗമായി കൂടിയാണ് ക്രിമിനൽ കേസിലേക്ക് കടന്നതെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K