04 August, 2025 07:00:28 PM
ഹരിത കേരളം മിഷന്റെ ദേവഹരിതം പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കം

കോട്ടയം: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ദേവഹരിതം പദ്ധതിക്ക് പൂഞ്ഞാർ കോയിക്കൽ ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ മധുര മീനാക്ഷി ദേവീക്ഷേത്രത്തിൽ ഇന്ന് (ഓഗസ്റ്റ് 5,ചൊവ്വാഴ്ച)തുടക്കം കുറിക്കും. രാവിലെ 11.30 ന് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിളിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ നവകേരളം കർമ്മപദ്ധതിയുടെ സംസ്ഥാന കോഓർഡിനേറ്റർ ഡോ.ടി.എൻ. സീമ പദ്ധതി ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളുടെ സംരക്ഷണത്തിനും പച്ചപ്പ് വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ദേവഹരിതം.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിന്റെയും എ.ടി.എം. പബ്ലിക് ലൈബ്രറിയുടെയും സഹകരണത്തോടെയാണ് ശ്രീ മധുരമീനാക്ഷി ദേവീക്ഷേത്രത്തിൽ ദേവ ഹരിതം പദ്ധതി നടപ്പിലാക്കുന്നത്. ഹരിതകേരളം മിഷൻ നടത്തുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. ചന്ദനം, ചെത്തി, തുളസി, മന്ദാരം, പിച്ചകം തുടങ്ങിയ സസ്യങ്ങളാണ് ക്ഷേത്ര പരിസരപ്രദേശങ്ങളിൽ നട്ടുപിടിപ്പിക്കുന്നത.് കൂടാതെ ചെമ്പരത്തി ഉപയോഗിച്ച് ജൈവവേലിയും നിർമിക്കുന്നുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.എസ്. ഷൈൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം രമാ മോഹൻ, എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്. ജയശ്രീ, ഹെഡ്മിസ്ട്രസ് എ.ആർ. അനുജ വർമ, പ്രോഫ. സുധാ വർമ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രമേഷ് ബി. വെട്ടിമറ്റം, എബി ഇമ്മാനുവൽ(ഭൂമിക), ട്രീ ടാഗ് നോഡൽ ഓഫീസർ ഡോ. സണ്ണിച്ചൻ വി. ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ വിഷ്ണു പ്രസാദ്, എ.ടി.എം. പബ്ലിക് ലൈബ്രറി സെക്രട്ടറി വി.കെ. ഗംഗാധരൻ എന്നിവർ പങ്കെടുക്കും.