13 August, 2025 12:19:19 PM
ഇത്രത്തോളം സഹായിച്ചതിന് നന്ദി; സുരേഷ് ഗോപി തൃശൂരിലെത്തി

തൃശൂർ: വോട്ട് ചോർച്ച സംബന്ധിച്ച വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. ഇന്ന് രാവിലെ 9.30-ഓടെ വന്ദേഭാരത് ട്രെയിനിലാണ് തൃശൂരിലെത്തിയത്. ബിജെപി പ്രവർത്തകർ റെയിൽവെ സ്റ്റേഷനിൽ വൻ സ്വീകരണം നൽകി. വലിയ പൊലീസ് സുരക്ഷയോടുകൂടിയാണ് അദ്ദേഹം റെയിൽവെ സ്റ്റേഷന് പുറത്തെത്തിയത്.
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനും വോട്ടർപട്ടിക വിവാദത്തിനും ശേഷം ആദ്യമായാണ് സുരേഷ്ഗോപി തൃശൂരിലെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ അദ്ദേഹം പോയത് ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനായിരുന്നു. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്.
മാധ്യമപ്രവർത്തകർ നിരവധി ചോദ്യങ്ങൾ ചോദിച്ചെങ്കിലും 'ഇത്രത്തോളം സഹായിച്ചതിന് നന്ദി' എന്നുമാത്രമാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സിപിഎം പ്രവർത്തകർ ബോർഡിൽ കരിയോയിൽ ഒഴിച്ച എംപി ഓഫീസിലേക്ക് പോയി. തുടർന്ന്, സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് ബിജെപി നടത്തുന്ന മാർച്ചിനെ അഭിസംബോധന ചെയ്യും.