12 August, 2025 01:25:14 PM
സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ട്; കൊല്ലത്തും തൃശൂരും വോട്ടുകള്‍

കൊല്ലം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഇരട്ട വോട്ട്. കൊല്ലത്തും തൃശൂരിലുമാണ് സുഭാഷ് ഗോപിക്ക് വോട്ടുള്ളത്. കൊല്ലത്ത് കുടുംബ വീടായ ലക്ഷ്മി നിവാസിന്റെ വിലാസത്തിലാണ് സുഭാഷിന് വോട്ടുള്ളത്. സുഭാഷിന്റെ ഭാര്യ റാണിക്കും കൊല്ലത്തും വോട്ടുണ്ട്. സുരേഷ് ഗോപിയുടെ വീടിന്റെ വിലാസത്തിലാണ് തൃശൂരിലും ഇവര്‍ക്ക് വോട്ടുള്ളത്.
ഇരവിപുരം നിയമസഭ മണ്ഡലത്തിലെ 84-ാം നമ്പര്‍ വിജ്ഞാന്‍ ഭവന്‍ ബൂത്തിലാണ് സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും വോട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ വിജ്ഞാന്‍ ഭവന്‍ ബൂത്തിലെ 1116-ാം നമ്പര്‍ വോട്ടറാണ് സുഭാഷ് ഗോപി. ഭാര്യ റാണി 1114 -ാം നമ്പര്‍ വോട്ടറുമാണ്. കൊല്ലത്ത് ഇവര്‍ വോട്ടു ചെയ്തിരുന്നോ എന്ന് വ്യക്തമല്ല. സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്കും തൃശൂരില്‍ വോട്ടുണ്ടെന്ന റിപ്പോര്‍ട്ടുകല്‍ പുറത്തു വന്നിരുന്നു.
തൃശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി. തൊട്ടടുത്ത വാട്ടർ ലില്ലി ഫ്ലാറ്റിൽ 38 വോട്ടുകളും ചേർക്കപ്പെട്ടു. കോൺഗ്രസിന്റെ ബൂത്ത് ഏജന്‍റുമാർ ജില്ലാ കലക്ടറോട് പരാതി പറഞ്ഞതിനെ തുടർന്നാണ് ഈ വോട്ടുകൾ പോൾ ചെയ്യുന്നത് തടഞ്ഞതെന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് പറഞ്ഞു. തൃശൂർ മണ്ഡലത്തിൽ വ്യാജ വോട്ട് ചെയ്തതായി കണ്ടെത്തിയ ഹരിദാസൻ വെങ്ങലശേരിയിലെ സ്ഥിര താമസക്കാരാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.