25 August, 2025 06:35:59 PM


സ്ഥിതി വിവര കണക്കുകൾ ജനപക്ഷ സർക്കാരിന് അനിവാര്യം- മുഖ്യമന്ത്രി പിണറായി വിജയൻ



തിരുവനന്തപുരം : സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്‌തു നിഷ്ഠമായി മനസ്സിലാക്കുന്നതിന് ജനപക്ഷ സർക്കാരിൻ്റെ സ്ഥിതി വിവര കണക്കുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പിയോഡിക് ലേബർ ഫോഴ്സ് സർവേ (പി എൽ എഫ് എസ്), ആനുവൽ സർവേ ഓഫ് അൺ ഇൻ കോർപ്പറേറ്റഡ് സെക്ടർ എൻറർപ്രൈസസ് (എ എസ് യു എസ് ഐ) സർവേകളുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് അതിഥി മന്ദിരത്തിൽ മുഖ്യമന്ത്രി നിർവഹിക്കുകയായിരുന്നു.

ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് കൃത്യമായ കണക്കുകൾക്ക് സാധിക്കും. ലോകത്ത് പലയിടത്തും ഭരണകൂടങ്ങൾ സ്ഥിതിവിവരക്കണക്കുകളെ ഭയക്കുന്ന സ്ഥിതി നിലവിലുണ്ട്. അമേരിക്കയിൽ ട്രംപ് ഭരണകൂടം സമീപകാലത്ത് തൊഴിൽ മേഖലയിലെ കണക്കുകൾ പുറത്തുവിട്ടതിനെ തുടർന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് മേധാവിയെ പുറത്താക്കിയ സംഭവം ഉദാഹരണമാണ്. എന്നാൽ കേരള സർക്കാർ ഡാറ്റയുടെ പ്രാധാന്യം കണക്കിലെടുക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

ഇരുപതാം നൂറ്റാണ്ടിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ മൂല്യം എങ്ങനെയായിരുന്നുവോ അതുപോലെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഡാറ്റയുടെ മൂല്യം. സംസ്ഥാനത്തെ യുവാക്കൾക്കും തൊഴിലന്വേഷകർക്കും സഹായകമാകുന്ന പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് സഹായകമാകുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS), ആനുവൽ സർവേ ഓഫ് അൺ ഇൻ കോർപ്പറേറ്റഡ് സെക്ടർ എൻറർപ്രൈസസ്(ASUSE) എന്നീ സർവേകളിൽ, 2025-26 മുതൽ സംസ്ഥാനം പങ്കാളികളാകുന്നുണ്ട് രാജ്യത്ത് സുസ്ഥിര വികസന സൂചികയിൽ എല്ലാ വർഷങ്ങളിലും കേരളം സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലെത്തുന്നത് ശരിയായ സ്ഥിതി വിവരക്കണക്കുകൾ.

കാർഷിക, തൊഴിൽ മേഖലകൾ, കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ, തദ്ദേശ സ്വയം ഭരണം, ആഭ്യന്തര ഉൽപ്പാദനം തുടങ്ങിയ നിരവധി ഘടകങ്ങളുടെ അവസ്ഥകൾ വിലയിരുത്താനും തുടർനടപടികൾ സ്വീകരിക്കാനും സർവേ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവേ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്ക് സന്ദേശം നൽകുന്ന ലഘുലേഖകളുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

ആൻ്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ മാധവൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ആസൂത്രണകമ്മീഷൻ ഉപാധ്യക്ഷൻ പ്രൊഫ. വി. കെ രാമചന്ദ്രൻ, കേരള സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ, പി. സി മോഹനൻ, ജനറൽ & സോൺ ഹെഡ് ഓഫ് സതേൺ സ്റ്റേറ്റ്‌സ് (എൻ.എസ്.ഒ), ​​സജി ജോർജ്ജ്, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡയറക്ടർ ഇൻ ചാർജ് രജത് ജി.എസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്തെ തൊഴിൽമേഖലകൾ, മനുഷ്യവിഭവശേഷി, തൊഴിൽസേന എന്നിവയെ സംബന്ധിച്ച് നിർണ്ണായകമായ സ്ഥിതിവിവരക്കണക്കുകൾ, ലേബർഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ് (LFPR), വർക്കർ പോപ്പുലേഷൻ റേഷ്യോ(WPR), തൊഴിലില്ലായ്മ നിരക്ക്(UR) എന്നിങ്ങനെയുള്ള സ്ഥിതിവിവരക്കണക്ക് സൂചകങ്ങളും പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLES) സർവേയിലൂടെ ലഭ്യമാണ്.

 സംഘടിത കാർഷിക മേഖല ഉത്പാദനം, വ്യാപാരം, സേവന മേഖല (നിർമ്മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വിവിധ സാമ്പത്തിക പ്രവർത്തന സവിശേഷതകൾ ശേഖരിക്കുന്നു സർവേയാണ് ആൻവൽ സർവേ ഓഫ് അൺഇൻകോർപ്പറേറ്റഡ് സെക്ടർ എൻറർപ്രൈസസ്സ് (ASUSE). സംഘടിത സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സാമ്പത്തിക, തൊഴിലവസരങ്ങൾ, മൂലധന നിക്ഷേപം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയവയുടെ സ്ഥിതിവിവരക്കണക്കുകൾ ഈ സർവേയിലൂടെ ശേഖരിക്കുന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഈ സർവേകളിൽ സംസ്ഥാനം പങ്കെടുക്കുന്നതോടെ നിലവിൽ സംസ്ഥാനതലംവരെ മാത്രം ലഭ്യമായിരുന്ന ഇത്തരം സ്ഥിതിവിവരക്കണക്കുകൾ ജില്ലാതലത്തിൽ ലഭ്യമാക്കുന്നതിന് സാധിക്കും. ജില്ലാതലത്തിൽ നിലവിലുള്ള സ്ഥിതിവിവരക്കണക്കുകളുടെ ലഭ്യത ഉറപ്പ് വരുത്തിക്കൊണ്ട് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലകൾക്ക് അനുയോജ്യമായ തരത്തിൽ പദ്ധതികളുടെ ആസൂത്രണത്തിന് സാധിക്കുന്നതുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K