17 December, 2019 05:37:38 PM
ഭാര്യ ഭര്‍ത്താവിനെ അമേരിക്കയിലേയ്ക്ക് കൊണ്ട് പോയി; അമ്മായിയമ്മ മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മുംബൈ: ഭാര്യ ഭര്‍ത്താവിനെ അമേരിക്കയിലേയ്ക്ക് കൊണ്ട് പോയ പക തീര്‍ക്കന്‍ അമ്മായിയമ്മ മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വസായ് സ്വദേശിയായ ആനന്ദി മാനെയാണ് സ്വന്തം മരുമകളെ കൊലപ്പെടുത്തിയത്. കൊലപാതകശേഷം ആനന്ദി മാനെ സ്റ്റേഷനിലെത്തി കീഴടങ്ങി.
ഉറങ്ങിക്കിടക്കുയായിരുന്ന റിയയെ തലയ്ക്കടിച്ചാണ് ആനന്ദി കൊലപ്പെടുത്തിയത്. 6 മാസം മാത്രം പ്രായമുള്ള കുഞ്ഞ് റിയയ്ക്ക് സമീപത്ത് കിടന്ന് ഉറങ്ങുമ്പോഴാണ് ആനന്ദി ഈ ക്രൂര കൃത്യം ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ആനന്ദിയെ തലേന്നു രാത്രി അമിതമായി ഉറക്കഗുളിക കഴിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമേരിക്കയില്‍ നേഴ്സായ റിയ തന്‍റെ ഭര്‍ത്താവ് രോഹനെ വിവാഹശേഷം യുഎസിലേയ്ക്ക് കൊണ്ടു പോയിരുന്നു. അഞ്ച് വര്‍ഷം മുമ്പായിരുന്നു റിയയുടെയും രോഹന്‍റെയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ടെക്സസില്‍ നേഴ്സായി റിയക്ക് ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരും അമേരിക്കയിലേയ്ക്ക് പോയത്. ഡിസംബര്‍ ഒന്നിനാണ് ഇരുവരും അവധിക്കു നാട്ടിലെത്തിയിരുന്നു. രോഹനും പിതാവും രാവിലെ നടക്കാന്‍ ഇറങ്ങിയ തക്കം നോക്കിയായിരുന്നു കൊലപാതകം. അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ആനന്ദിയുടെ ഇളയ മകനും ഭാര്യയും പൊലീസ് വന്നപ്പോഴാണ് സംഭവം അറിയുന്നത്.