05 December, 2019 05:46:29 PM


മകളെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ പോക്സോ കേസ്




തിരുവനന്തപുരം: മകളെ പീഡിപ്പിച്ചതിന് തിരുവനന്തപുരം ജില്ലയിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. കുട്ടിയെ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്. കുട്ടിയെ നിരന്തരം ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ രണ്ടാനമ്മ പറയുന്നത്. വാപ്പ തന്‍റൊപ്പം കിടക്കുന്നത് ഇഷ്ടമല്ലെന്നും ഉറങ്ങാന്‍ കഴിയുന്നില്ലെന്നും തന്നെ അയാള്‍ ഉപദ്രവിക്കുകയാണെന്നും കുട്ടി തന്നോട് പറഞ്ഞിരുന്നതായി കുട്ടിയുടെ രണ്ടാനമ്മ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.


കുട്ടിയെ താന്‍ അധികമായി വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ഉറങ്ങാന്‍ കിടത്താറുള്ളതെന്നും കുട്ടി ഇക്കാര്യത്തെ കുറിച്ച്‌ നിരന്തരം തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും രണ്ടാനമ്മ പറയുന്നു. കുട്ടി എപ്പോഴും വിഷമിച്ചിരിക്കുന്ന കാര്യം കുട്ടിയെ പഠിപ്പിയ്ക്കുന്ന ടീച്ചര്‍മാരാണ് ആദ്യം തന്നോട് പറയുന്നതെന്നും ക്ലാസിലിരുന്ന് കുട്ടി കരയുന്നത് ടീച്ചര്‍മാര്‍ കണ്ടുവെന്നും അവര്‍ പറഞ്ഞു. ഏറെ നാളുകളായി കുട്ടിയുടെ അച്ഛന്‍ കുട്ടിയെ ഉപദ്രവിച്ച്‌ വരികയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ ചാര്‍ജ് ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K