17 November, 2019 04:03:59 PM


ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു



കണ്ണൂര്‍: ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മനേക്കര റോഡില്‍ കുണ്ടുകുളങ്ങരയില്‍ പരോറത്ത് അനൂപ് ഭവനില്‍ കുട്ടികൃഷ്ണന്‍ (68) ആണ് ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഉച്ചയോടെ കണ്ണീര്‍ ചമ്പാട് മനേക്കര റോഡിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.


ഭാര്യ വീട്ടില്‍ വീണു കിടക്കുന്നതായി കുട്ടികൃഷ്ണന്‍ അയല്‍വാസികളെ അറിയിക്കുകയും ഉടനെ അയല്‍വാസികളുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും നിര്‍മല മരിച്ചിരുന്നു. അയല്‍വാസികള്‍ തിരിച്ച്‌ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ പിന്‍ഭാഗത്ത് മുകള്‍ നിലയിലെ വരാന്തയോട് ചേര്‍ന്നുള്ള ഭാഗത്ത് കുട്ടികൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. 


തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാല്‍, പാനൂര്‍ എസ്‌ഐ കെ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരേതരായ നാരായണന്‍റെയും മാധവിയുടെയും മകനാണ് സ്പിന്നിംഗ് മില്ലിലെ റിട്ടയേര്‍ഡ് ജീവനക്കാരനായ കുട്ടികൃഷ്ണന്‍. പരേതനായ ബാലകൃഷ്ണന്‍റെയും സരോജിനിയുടെയും  മകളാണ് നിര്‍മല. മക്കള്‍: അനൂപ് (പൂന), അനീഷ് (ഗള്‍ഫ്). മരുമക്കള്‍: ധന്യ, പ്രിയ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K