22 April, 2025 11:15:32 AM


കോട്ടയത്ത് ഇരട്ടക്കൊല: പ്രതി ഇതരസംസ്ഥാന തൊഴിലാളി? വീടിന് പുറത്ത് അമ്മിക്കല്ലും കോടാലിയും



കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മുഖം വികൃതമാക്കിയും, നഗ്നരാക്കിയും ആണ് കൃത്യം നടത്തിയിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒരു അമ്മിക്കല്ലും കൊടാലിയും കണ്ടെത്തിയിട്ടുണ്ട്.

വിജയകുമാറിന്റെ മൃതദേഹം ഹാളിലും ഭാര്യയുടെ മൃതദേഹം ഒരു മുറിയിലുമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രാഥമിക പരിശോധനയില്‍ മോഷണ സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ നടക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കൊലപാതകം വൈരാ​ഗ്യത്തെ തുടർന്നുണ്ടായതാണെന്നാണ് സൂചന. മുന്‍പ് വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഇതരസംസ്ഥാനക്കാരനായ ജോലിക്കാരനെതിരെ പണവും ഫോണും മോഷ്ടിച്ചതിന് കേസ് കൊടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെയാണ് പൊലീസ് സംശയിക്കുന്നത്. രാവിലെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവര്‍ രണ്ടു പേരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടരയോടെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രക്തംവാര്‍ന്നനിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങള്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K