18 March, 2019 09:07:39 PM


നീണ്ടൂരില്‍ ബൈക്ക് പോസ്റ്റിലിടിച്ച് കൈപ്പുഴ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ മരണമ‌ടഞ്ഞു

രക്തം വാർന്ന് റോഡിൽ കിടന്ന ഭർത്താവിനെയും എടുത്ത് യുവതി ആശുപത്രിയിലേക്ക് പാഞ്ഞു ; പക്ഷെ വിധി അവരെ കൈയൊഴിഞ്ഞു




നീണ്ടൂര്‍: പ്രാവട്ടം കവലയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരണമ‌‌ടഞ്ഞു. കൈപ്പുഴ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റും നീണ്ടൂര്‍ മൂഴികുളങ്ങര കിഴക്കേക്കര വീട്ടില്‍ പരേതനായ ശിവരാമന്‍നായരുടെയും വിലാസിനി അമ്മയുടെയും മകനുമായ കെ.എസ്. മനോജ് (49) ആണ് മരണമ‌ഞ്ഞത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു അപകടം. ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് പോകും വഴി നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നു.

അപകടത്തില്‍പെട്ട മനോജ് രക്തം വാർന്ന് വഴിയില്‍ കിടന്നത് പത്ത് മിനിറ്റോളം. ആരോ പറഞ്ഞതറിഞ്ഞ് നീണ്ടൂരില്‍ തന്നെ കൊശമറ്റം ഫിനാന്‍സില്‍ ജോലി ചെയ്യുന്ന മനോജിന്റെ ഭാര്യ രഞ്ജിത എത്തിയപ്പോൾ കണ്ടത് തീർത്തും അവശനായി കിടക്കുന്ന തന്റെ ഭർത്താവിനെ. എവിടുന്നോ കിട്ടിയ ധൈര്യം സംഭരിച്ച് അവർ ഭർത്താവിനെയും കൊണ്ട് പാഞ്ഞു, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്. പക്ഷെ വിധി മറിച്ചായിരുന്നു. രാത്രി 8 മണിയോടെ മനോജ് അന്ത്യശ്വാസം വലിച്ചു.

ഭാര്യ രഞ്ജിത കടുത്തുരുത്തി കുറുമൂഴിക്കല്‍ കുടുംബാംഗമാണ്. മക്കള്‍ - മേഘന എം.നായര്‍ (മേരിമൗണ്ട് പബ്ലിക് സ്കൂള്‍, കട്ടച്ചിറ), നന്ദന എം.നായര്‍ (ഇമ്മാനുവല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍, കോതനല്ലൂര്‍). സഹോദരികള്‍ - പ്രിയ (ദില്ലി), സിന്ധു (ഏറ്റുമാനൂര്‍). സംസ്കാരം ചൊവ്വാഴ്ച വൈകി‌ട്ട് 3ന് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.1K