10 February, 2019 08:50:46 PM


വികസനത്തിന് അനുയോജ്യമായ ബജറ്റില്‍ സ്ത്രീ ശാക്തീകരണത്തിന് വന്‍പദ്ധതികള്‍ - മുഖ്യമന്ത്രി




കൊച്ചി: കേരളത്തിന്‍റെ ബജറ്റ് സംസ്ഥാനത്തിന്‍റെ വികസനത്തിന് അനുയോജ്യമായ ബജറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ എക്സിബിഷൻ സെന്ററിൽ ഇ എം എസ് പഠനകേന്ദ്രം സംഘടിപ്പിച്ച ബജറ്റ് പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയോജിത റൈസ് പാർക്ക് സിയാൽ മാതൃകയിലുള്ള കമ്പനിയും രൂപീകരിക്കാൻ ബജറ്റിൽ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്‍റെ നെല്ലറകളിലൊന്നായ കുട്ടനാട് 1000 കോടി രൂപയുടെ രണ്ടാം ഘട്ട വികസനം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തണ്ണീർത്തടവും നീർത്തടവികസനവും പാരിസ്ഥിതിക സന്തുലിതത്തിനും കാർഷിക വികസനത്തിനും പ്രധാനമാണ്. അത്തരമൊരു സമീപനത്തോടെ ബജറ്റിൽ നിലപാടുകൾ എടുത്തിട്ടുണ്ട്. 

വൈദ്യുതി മേഖലയിൽ ജലവൈദ്യുത പദ്ധതികൾക്കു പുറമെ പാരമ്പര്യ ഊർജ മേഖലയെയും സൗരോർജ്ജത്തെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സൗരോർജ്ജ പാനലുകൾ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്നതിനായി കിഫ് ബി യിൽ നിന്നും പണം നൽകുന്ന പദ്ധതി മുന്നോട്ട് വച്ചിട്ടുണ്ട്. ഇടുക്കി പോലുള്ള വൻകിട നിലയങ്ങളിൽ പീക്ക് ലോഡ് സമയത് ഉത്പാദനം വർധിപ്പിക്കാൻ  അഡീഷണൽ നിലയങ്ങൾ സ്ഥാപിക്കാനും നടപടികളുണ്ട്. പശ്ചാത്തല സൗകര്യങ്ങളിൽ റോഡ് വികസനം ഏറ്റവും പ്രധാനപ്പെട്ടതാണ്. 6000 കിലോമീറ്റർ റോഡ് നിർമ്മാണം നടത്തുന്നുവെന്നു മാത്രമല്ല ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ദീർഘകാല ഈടുള്ളതുമായ ഡിസൈൻഡ് റോഡുകളാണ്  നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. 


തീരദേശത്തെ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 2000 കോടി രൂപയുടെ പദ്ധതിയും ഉണ്ട്. അത് റീ ബിൽഡ് കേരളയിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.  ഇത്തവണ അതിനു പുറമെ ആയിരത്തിലേറെ കോടി രൂപ തീരദേശത്തിന്റെ വികസനത്തിനായി മാറ്റി വച്ചിട്ടുണ്ട്. ഇതിനായി നിരവധി പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. പൊതുമേഖലാ  വ്യവസായങ്ങളുടെ സംരക്ഷണത്തിന് പ്രത്യേകം കർമ്മ പദ്ധതിയാണ് മുന്നോട്ടു വയ്ക്കുന്നത്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതോടൊപ്പം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന സമീപനം മുന്നോട്ട് വയ്ക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണവും വൈവിധ്യവത്കരണവും ബജറ്റ് ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പ്രധാനപ്പെട്ട മാറ്റം വാഹനങ്ങളുടെ കാര്യത്തിലാണ്. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ നടപടികൾ നാം സ്വീകരിക്കാൻ പോകുകയാണ്.  ഇതിന് രണ്ട് ഗുണമുണ്ട് ഇന്ധനച്ചെലവ് കുറയും പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്നും മോചനമുണ്ടാകും. ആദ്യഘട്ടമായി തിരുവനന്തപുരം നഗരത്തിലാവും പൂർണമായും ഇലക്ട്രിക്  ബസുകൾ ഓടുക.  . ഇതോടൊപ്പം തന്നെ കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള മംഗലാപുരം തിരുവനന്തപുരം റയിൽ പാതയുടെ സമാന്തരമായി റയിൽ പാത നിർമിക്കൻ റയിൽവേയുമായി ആലോചനകൾ നടന്നിട്ടുണ്ട്. തത്വത്തിൽ അംഗീകാരമായിട്ടുണ്ട്. 150 കിലോമീറ്റർ സ്പീഡിൽ ഓടുന്ന ട്രയിൻ തിരുവനന്തപുരത്തു നിന്ന് കാസർഗോഡേക്ക് നാലു മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകും. എറണാകുളത്തേക്ക് ഒന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകും.


ടൂറിസം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. ഇത് ശക്തിപ്പെടുത്താനുള്ള നിരവധി പദ്ധതികളുണ്ട്. 'അതിലൊന്ന് ആഗസ്ത് മുതൽ നവംബർ ഒന്നുവരെയുള്ള മൂന്നു മാസക്കാലം എല്ലാ വാരാന്ത്യന്തിലും ബോട്ട് റേസ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുകയാണ്.അതോടൊപ്പം ടൂറിസം മേഖലയിൽ നൂതന പദ്ധതി എന്ന നിലയിൽ സ്പൈസസ് റൂട്ട് കൊണ്ടുവരികയാണ്. അന്തർദേശീയ സ്പൈസസ് വ്യാപാരത്തിന്റെ ഭാഗമായി കേരള തീരത്ത്  അതിപുരാതന കാലം മുതൽ ഉണ്ടായിരിക്കുകയും പിന്നീട് ക്ഷയിക്കുകയും ചെയ്ത തുറമുഖങ്ങളെ പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും തുറമുഖങ്ങളുമായി കൂട്ടിയിണക്കി കൊണ്ടുള്ള ഒരു പാതയാണിത്. കേരളത്തിലെ തുറമുഖ നഗരങ്ങളെയെല്ലാം ബന്ധിപ്പിച്ചു കൊണ്ട് 6000 കോടി രൂപയുടെ കിഫ് ബി ധനസഹായത്തോടെയുള്ള തീരദേശ ഹൈവേ ഇതിന് നല്ല പ്രചോദനമായ് മാറും.


നാം ബജറ്റിൽ നിർദ്ദേശിച്ച മറ്റൊരു കാര്യം കയറിന്റെ ബോർഡുകൾ ഉപയോഗിക്കുന്ന പുതിയ സാങ്കേതികവിദ്യ നെതർലന്റ് സി ലെ സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്.  നെതർലാൻറുമായി ചർച്ചകൾ നടത്തിയിരുന്നു. തടിക്കു പകരം കയർ ഉപയോഗിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. പാരിസ്ഥിതിക സംരക്ഷണത്തിനും കേരളത്തിന്റെ വികസനത്തിനും കുതിപ്പായി ഇത് മാറും എന്നാണ് കാണേണ്ടത്.  ഇതോടൊപ്പം പ്രവാസി നിക്ഷേപം മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതികളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ  പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്.


കേരളാ ബാങ്ക് സഹകരണ രംഗത്തെ പുതിയ കാൽവെപ്പാണ്. കേരളത്തിന്റെ ബാങ്കിംഗ് ശൃംഖലയായി ഇത് മാറും. നിലവിലുള്ള ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി കേരള ബാങ്കിൽ പ്രവാസി കളുടെ നിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിക്കുന്നതോടെ വലിയ തോതിലുള്ള അഭിവൃദ്ധി ബാങ്കിനുണ്ടാക്കും. കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിയും മുന്നോട്ടു വയ്ക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിനായി വലിയ പദ്ധതികളുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K