20 November, 2025 05:16:30 PM


സീറ്റ് വിഭജന തര്‍ക്കം; കാസർകോട് ഡിസിസി ഓഫീസിൽ കോൺഗ്രസ് നേതാക്കൾ ഏറ്റുമുട്ടി



കാസർഗോഡ്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തർക്കത്തെചൊല്ലി കോൺഗ്രസ് നേതാക്കൾ ഡിസിസി ഓഫീസിൽ ഏറ്റുമുട്ടി. ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കനും കർഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് വാസുദേവനുമാണ് പരസ്പരം ഏറ്റുമുട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചക്കിടെയാണ് സംഭവം.

ജെയിംസ് പന്തംമാക്കന്റെ വിഭാഗത്തിന് ഏഴ് സീറ്റ് മത്സരിക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത് നല്‍കാതെ ഡിസിസി ഔദ്യോഗിക പക്ഷം അഞ്ച് സീറ്റ് നല്‍കി. ഇതേതുടര്‍ന്നുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. അടിപിടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കയ്യാങ്കളിയുടെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് മൊബൈലിൽ പകർത്തി പുറത്തുവിട്ടത്.

ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കനും കോൺഗ്രസിൻ്റെ കർഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് വാസുദേവനും തമ്മിലായിരുന്നു സംഘർഷം ഉണ്ടായത്. ജയിംസ് നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന ഉണ്ടാക്കിയിരുന്നു. ഈ സംഘടനയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഡിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം ഒത്തുതീർപ്പിൻ്റെ അടിസ്ഥാനത്തിൽ നൽകി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921