10 February, 2019 08:46:22 AM


മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണ; കരുത്തോടെ കുഞ്ഞാലിക്കുട്ടിയും ഇ ടിയും



മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ലീഗിന്‍റെ ലോക്സഭാ സീറ്റുകളില്‍ മല്‍സരിക്കുവാന്‍ ധാരണ.  മൂന്നാം സീറ്റിന്‍റെ കാര്യത്തില്‍ ലീഗിനകത്ത് ആശയക്കുഴപ്പം രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പൊന്നാനിയില്‍ നിന്ന് മുഹമ്മദ് ബഷീറിനെ മാറ്റാന്‍ ലീഗ് ആദ്യഘട്ടത്തില്‍ നടത്തിയ ആലോചനകള്‍ ഉപേക്ഷിച്ചു. ലീഗ് രണ്ട് മാസത്തിലേറെയായി പൊന്നാനി, മലപ്പുറം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് മനസ്സ് തുറന്നിരുന്നില്ല. പൊന്നാനിയില്‍ നിന്ന് ഇടി മുഹമ്മദ് ബഷീറിനെ മാറ്റി സമദാനിക്കോ ഷംസുദ്ദിനോ ഫിറോസിനോ അവസരം നല്‍കാനായിരുന്നു ആലോചന.


കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നില്ലെങ്കില്‍ മലപ്പുറത്ത് ഇടിയെ മല്‍സരിപ്പിക്കാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അത്തരം ആലോചനകളൊക്കെ അവസാനിപ്പിച്ചാണിപ്പോള്‍ ഇരുവരെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത്. മലപ്പുറത്ത് മല്‍സരിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെ താല്പര്യം പ്രകടിപ്പിക്കുയായിരുന്നു. ഇതോടെ പൊന്നാനി സീറ്റിന്‍റെ കാര്യത്തിലും വീണ്ടുവിചാരമുണ്ടായി. മുത്തലാഖ് ബില്ലിലെ നിലപാടോടെ അണികളുടെ ഇടയില്‍ വീണ്ടും വികാരമായി മാറിയ ഇ ടിയെ പൊന്നാനിയില്‍ നിന്നും പിന്‍വലിക്കുന്നത് തിരിച്ചടിയാണെന്ന് നേതൃത്വം വിലയിരുത്തി.


അതേ സമയം, മൂന്നാം സീറ്റിന്‍റെ കാര്യത്തില്‍ സമസ്തയും യൂത്ത് ലീഗും സമ്മര്‍ദ്ദം തുടരുന്നതിനിടെ ലീഗില്‍ ആശയക്കുഴപ്പം ശക്തമായിരിക്കുകയാണ്. സീറ്റിന് വേണ്ടി ശാഠ്യം പിടിക്കേണ്ടെന്നും പരസ്യമായ തര്‍ക്കം വേണ്ടെന്നുമുള്ള നിലപാട് ഉന്നതാധികാരസമിതിയിലെ ചിലര്‍ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നാം സീറ്റെന്ന നിലപാടില്‍ നിന്ന് ലീഗ് അയയുന്നതിനുള്ള കാരണങ്ങളിവയാണ്. വയനാട് സീറ്റ് മാത്രമാണ് സംഘടനയ്ക്ക് അടിത്തറയുള്ള ആവശ്യപ്പെടാവുന്ന വിജയസാധ്യതയുള്ള സീറ്റ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K