30 January, 2019 08:11:27 PM


കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പർച്ചേസ്: ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതി



കൊച്ചി: കെ എസ് ആർ ടി സി പർച്ചേസിൽ മന്ത്രി ഇടപെട്ടതിന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയുടെ വിമർശനം. കെ എസ് ആർ ടി സി ടിക്കറ്റ് മെഷീൻ വാങ്ങുന്നതിൽ സ്വകാര്യകമ്പനിക്കുവേണ്ടി മന്ത്രി ഇടപെട്ടത് എന്തിനെന്ന് കോടതി ചോദിച്ചു. സ്വകാര്യ കമ്പനിയെ പരിഗണിക്കണമെന്ന് എം ഡിക്ക് മന്ത്രി കത്ത് നൽകിയത് എന്തിനാണെന്നും  കരാറിൽ മന്ത്രിയുടെ പ്രത്യേക താൽപര്യം എന്താണെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മൈക്രോ എഫ്എക്സ് എന്ന കമ്പനിയിൽ നിന്ന് ടിക്കറ്റ് മെഷീൻ വാങ്ങണമെന്നായിരുന്നു  കെ എസ് ആര്‍ ടി സി എം ഡി തച്ചങ്കരിക്ക് മന്ത്രി കത്ത് അയച്ചത്.


ടിക്കറ്റ് മെഷീന്‍ വാങ്ങുന്നതിന് ടെണ്ടര്‍ നടപടികളുമായി കെ എസ് ആര്‍ ടി സി മുന്നോട്ടുപോയിരുന്നു. ഇതിനിടെ കരാറില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് മൈക്രോ എഫ്എക്സ് കമ്പനി പുറത്തായി. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ മന്ത്രി അവര്‍ക്ക് അനുകൂലമായി നല്‍കിയ കത്തും ഉണ്ടായിരുന്നു. ഇതോടെയാണ് കോടതിയുടെ ചോദ്യം ഉയര്‍ന്നത്. എന്നാല്‍ മന്ത്രിയുടെ കത്ത് പ്രധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K