23 August, 2025 10:26:10 AM


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പോസ്റ്റിന് പിന്നാലെ സൈബര്‍ അധിക്ഷേപം; ഹണി ഭാസ്കരന്‍റെ പരാതിയില്‍ കേസ്



തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ തുറന്ന് പറച്ചിലിനു പിന്നാലെ പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയ ഒമ്പത് കോൺ​ഗ്രസ് അനുകൂല ഫേസ്ബുക്ക് പ്രൊഫൈലുകൾക്കെതിരെ കേസെടുത്തു. നിലമ്പൂര്‍ സ്വദേശി പി ടി ജാഫര്‍, റിട്ട. എസ്പി മധു ഡി, പോള്‍ ഫ്രെഡി തുടങ്ങിയവര്‍ പ്രതികളാണ്. ഹണി ഭാസ്‌കരന്റെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പ്രചാരണം നടത്തൽ എന്നിവയ്ക്കാണ് എഫ്‌ഐആര്‍ എടുത്തിട്ടുള്ളത്.

സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് എഴുത്തുകാരി ഹണി ഭാസ്‌കരന്‍ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ഹണി വ്യക്തമാക്കിയിരുന്നു. ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്നും പക്ഷേ, നിങ്ങള്‍ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാല്‍ മതിയെന്നുമാണ് ഇതേകുറിച്ച് ഹണി ഫേസ്ബുക്കില്‍ കുറിച്ചത്.

മുന്‍ മാധ്യമപ്രവര്‍ത്തകയും യുവനടിയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിസന്ധിയിലാകുന്നത്. എന്നാല്‍ റിനി യുവ നേതാവിന്‍റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. റിനി ഉദ്ദേശിച്ചത് രാഹുലിനെയാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു. പിന്നാലെയാണ് രാഹുലിനെതിരെ പേരെടുത്ത് വിമര്‍ശിച്ച് ഹണി ഭാസ്‌കരന്‍ രംഗത്തെത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹണി ഭാസ്‌കരന് നേരെ സൈബര്‍ ആക്രമണമുണ്ടായത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണമടക്കം പുറത്തുവന്നിരുന്നു. സ്ത്രീകള്‍ക്ക് രാഹുല്‍ അയച്ച ചാറ്റുകളും പുറത്ത് വന്നിരുന്നു. 

പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു. രാഹുലിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. നിരന്തരം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചെന്നും ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K