06 August, 2025 01:45:32 PM


കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച പ്രതിയെ പിടികൂടി



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മാല കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. പ്രഭാത നടത്തത്തിനിടെയാണ് ലോക്‌സഭാംഗമായ സുധാ രാധാകൃഷ്ണന്റെ മാല പ്രതി കവര്‍ന്നത്. രാജ്യ തലസ്ഥാനത്തെ അതീവ സുരക്ഷ മേഖലയായ ചാണക്യപുരിയില്‍ വച്ചായിരുന്നു സംഭവം. സുധ താമസിക്കുന്ന തമിഴ്‌നാട് ഭവന് സമീപത്ത് വച്ച് ഹെല്‍മെറ്റ് ധരിച്ചെത്തിയ ഒരാള്‍ മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.

ബഹളം വച്ചിട്ടും തങ്ങളെ ആരും സഹായിച്ചില്ലെന്ന് എംപി അന്ന് പറഞ്ഞിരുന്നു. പട്രോളിങ്ങിനുണ്ടായിരുന്ന പൊലീസുകാരെ സമീപിച്ചപ്പോഴും ഉദാസീനമായ മറുപടിയാണ് ലഭിച്ചിരുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വിദേശ എംബസികളും വിഐപി വസതികളും ഉള്ള ഡല്‍ഹിയിലെ ഏറ്റവും സുരക്ഷിത മേഖലയില്‍നിന്നും ഒരാള്‍, ഒരു എംപിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത് പൊലീസിനെതിരെ അടക്കം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് പ്രതി പിടിയിലായെന്ന് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K