09 August, 2025 11:01:15 AM
കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കശ്മീര്‍ താഴ്‌വരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച രാത്രിയില്‍ സൈനികരും ഭീകരരും തമ്മില്‍ വെടിവെയ്പ്പുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിനാര്‍ കോര്‍പ്‌സിലെ ലഫ്. നായിക് പ്രിത്പാല്‍ സിങ്, സീപോയ് ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ഭീകരനെ വധിച്ചതായും സൈന്യം എക്‌സ്‌പോസ്റ്റില്‍ പറഞ്ഞു. വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്നും സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുല്‍ഗാമിലെ അഖല്‍ മേഖലയില്‍ ഓപ്പറേഷന്‍ അഖല്‍ എന്ന പേരിലായിരുന്നു സൈന്യത്തിന്റെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്നത്. തെരച്ചിലിന്റെ ഒമ്പതാം ദിനത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.