13 August, 2025 10:42:37 AM
മണർകാട് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി

മണർകാട് കോട്ടയം മണർകാട് ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഭർത്താവിനെ വീടിനു സമീപത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ഐരാറ്റുനട സ്വദേശി ഡി റജിമോനെ (60) ആണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഫോടനത്തിൽ വയറ് തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ദേഹത് തോട്ട കെട്ടിവച്ച് തീകൊളുത്തി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കിണർ നിർമാണ ജോലിക്കാരനാണ് റജി. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം. നീണ്ടൂരിലെ ഇളയ മകന്റെ കുട്ടിയുടെ നൂലുകെട്ടിനു ശേഷം രാത്രി വൈകിയാണ് റജി വീട്ടിലെത്തിയത്. തുടർന്ന് റജിയും ഭാര്യ വിജയമ്മയും തമ്മിൽ വാക്കു തർക്കം ഉണ്ടായി. തുടർന്ന് റജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു.
വീടിന്റെ പിന്നിലെ പുരയിടത്തിൽ വൻ സ്ഫോടന ശബ്ദം കേട്ട് ബന്ധുക്കൾ നോക്കിയപ്പോഴാണ് വയറ് തകർന്ന നിലയിൽ റജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേതുടർന്ന് ബന്ധുക്കൾ വിവരം മണർകാട് പൊലീസിൽ അറിയിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മക്കൾ: സുജിത്ത്, സൗമ്യ.