21 August, 2025 11:14:03 AM


യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് എഐസിസി



ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നിര്‍ദേശം നല്‍കി എഐസിസി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുന്നത്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്‌കരന്‍. 'രാഹുല്‍ മാങ്കൂട്ടം-അനുഭവം' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരന്‍ തുറന്നെഴുതിയത്.

ജൂണ്‍ മാസം താന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയ്ക്കിടെ വിശേഷങ്ങള്‍ ചോദിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതായി ഹണി ഭാസ്‌കരന്‍ പറയുന്നു. തന്റെ ഫോട്ടോയ്ക്ക് ഹൃദയം അയച്ചുകൊണ്ടായിരുന്നു രാഹുല്‍ തുടങ്ങിയത്. ശ്രീലങ്ക പോവാന്‍ പ്ലാന്‍ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഒരു മുന്‍വിധികളും ഇല്ലാതെ താന്‍ അത് വിശദീകരിച്ചു നല്‍കി. അതിന് ശേഷം നിലമ്പൂര്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് ബെറ്റുംവെച്ച് അയാള്‍ പോയെന്നും ഹണി ഭാസ്‌കരന്‍ പറഞ്ഞു. ഇതിന് ശേഷം താന്‍ കാണുന്നത് അയാളുടെ മെസേജുകളുടെ തുടര്‍ച്ചയായിരുന്നു. ചാറ്റ് നിര്‍ത്താന്‍ അയാള്‍ക്ക് ഉദ്ദേശം ഇല്ല എന്ന് മനസിലാക്കിയതോടെ റിപ്ലൈ നല്‍കിയില്ല. താന്‍ മറുപടി നല്‍കാത്തതുകൊണ്ട് ആ ചാറ്റ് അവസാനിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ആ ചാറ്റിന് പിന്നിലെ അശ്ലീല കഥകള്‍ പിന്നീടാണ് താന്‍ മനസിലാക്കുന്നതെന്ന് ഹണി ഭാസ്‌കരന്‍ പറയുന്നു.

താനുമായുള്ള ചാറ്റിലെ വിവരങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിലെ സുഹൃത്തുക്കളോട് പറയുകയാണ് ചെയ്തതെന്ന് ഹണി ഭാസ്‌കരന്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ അങ്ങോട്ട് ചെന്ന് ചാറ്റ് ചെയ്തു എന്നാണ് അയാള്‍ പറഞ്ഞു നടന്നതെന്നും ഹണി ഭാസ്‌കരകന്‍ പറഞ്ഞു. രാഹുല്‍ ഒരു തികഞ്ഞ രാഷ്ട്രീയ മാലിന്യം ആണെന്ന് തനിക്ക് വ്യക്തിപരമായി ബോധ്യപ്പെടുത്തി തന്നത് സഖാക്കളല്ല. അയാളുടെ തോളില്‍ കയ്യിട്ടും ചാരി ഉറങ്ങിയും നൃത്തം ചെയ്തും ഫണ്ട് മോഷണത്തില്‍ പങ്ക് ചേര്‍ന്നും ദിവസത്തിന്റെ ഏറിയ സമയവും അയാള്‍ക്കൊപ്പം ചെലവഴിക്കുന്ന പേര് കേട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഹണി കൂട്ടിച്ചേര്‍ത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K