21 August, 2025 01:46:33 PM


യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചു



തിരുവനന്തപുരം: അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയിൽ മുഖേന രാജി കൈമാറി. ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺ​ഗ്രസിൽ ഉൾപ്പെടെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. രാജി വെച്ചൊഴിയണമെന്ന് ഹൈക്കമാൻ‌ഡ് നിർദേശം നൽകിയിരുന്നു. രാഹുലിന്റെ രാജിക്ക് വേണ്ടി സമ്മർദം ഉണ്ടായിരുന്നു.

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനോട് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവുവിന്റെതാണ് നടപടി. അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്.

യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്‌കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ച നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്നാണ് ചർച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പിൽ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോൺഗ്രസ് നേതാവ് സ്‌നേഹ ഹരിപ്പാട് വാട്‌സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K