14 August, 2025 09:51:27 AM


ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും



കുളു: മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയവും. ഹിമാചലിലെ കുളു, ഷിംല, ലാഹോള്‍ സ്പിതി എന്നീ ജില്ലകളിലാണ് ദുരന്തം. കുളു ജില്ലയിലെ നിര്‍മന്ദ് സബ് ഡിവിഷനിലെ ബാഗിപുല്‍ ബസാര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ശ്രീഖണ്ഡ് മഹാദേവ് പര്‍വതനിരകളിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം കുളു ജില്ലയിലെ ബതാഹര്‍ ഗ്രാമത്തിലെ വെള്ളപ്പൊക്കത്തില്‍ മൂന്ന് വാഹനങ്ങള്‍ ഒലിച്ചുപോയി. നാല് കോട്ടേജുകളും കൃഷിയിടങ്ങളും നശിച്ചു. തിര്‍ത്താന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുമെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണര്‍ തൊറുല്‍ എസ് രവീഷ് പറഞ്ഞു. 'ബാഗിപുളിലും ബതാഹറിലും രണ്ട് മേഘവിസ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ ഞങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. പക്ഷേ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല', അദ്ദേഹം പറഞ്ഞു.

മിയാര്‍ താഴ്‌വരയിലെ സ്‌കൂളുകള്‍ കുറച്ച് ദിവസം വരെ പ്രവര്‍ത്തിക്കില്ലെന്ന് ലാഹോള്‍ സ്പിതി എംഎല്‍എ അനുരാധ റാണ പറഞ്ഞു. പ്രദേശവാസികളോട് സംസാരിച്ചെന്നും ആളുകള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അനുരാധ പറഞ്ഞു. 'എല്ലാവരും സുരക്ഷിത സ്ഥലത്താണുള്ളത്. ചങ്ങൂട്ട്, ഉദ്‌ഗോസ് പാലങ്ങള്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്. സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്', എംഎല്‍എ പറഞ്ഞു.

ഷിംലയില്‍ നന്ദിയിലെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. രണ്ട് പാലങ്ങളും കടകളും പൊലീസ് ചെക്ക്‌പോസ്റ്റുകളും ഒലിച്ചുപോയിട്ടുണ്ട്. ഗാന്‍വി ഗ്രാമത്തിലേക്കുള്ള റോഡ് കണക്ടിവിറ്റിയും നഷ്ടമായി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഗാന്‍വിയിലെ എല്ലാ വീടുകളും ഒഴിപ്പിച്ചിട്ടുണ്ട്. വെള്ളം ഉയരുന്നതിനാല്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഗാന്‍വിയിലെ ഒരു ഭാഗത്ത് പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K