30 January, 2019 08:04:22 PM


കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ തെറിപ്പിച്ചു; എം.പി.ദിനേശിന് പകരം ചുമതല



തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവില്‍ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റി. എറണാകുളം സിറ്റി പോലീസ് കമ്മിഷണറായ എം പി ദിനേശിനാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ മാറ്റാൻ തീരുമാനമെടുത്തത്. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ തച്ചങ്കരിയ്ക്കെതിരെ രംഗത്തു വന്നിരുന്നു. തൊഴിലാളി യൂണിയനുകളുമായി തച്ചങ്കരി ഒരു കാലത്തും നല്ല ബന്ധത്തിലായിരുന്നില്ല. 


ശബരിമല സർവീസ് മൂലം താൽക്കാലിക ലാഭമുണ്ടാക്കിയെങ്കിലും കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ ഇനിയും അവസാനിച്ചിട്ടില്ല. വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തിൽ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്‍റെ പേരിൽ ഹൈക്കോടതിയിൽ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ഹൈക്കോടതി ഉത്തരവ് മൂലം എം പാനൽ ജീവനക്കാരെ മുഴുവൻ പിരിച്ചുവിടേണ്ടി വന്നതും തച്ചങ്കരിയുടെ കാലത്താണ്. 


ഡ്യൂട്ടി പരിഷ്കരണം, വേതനപരിഷ്കരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനം ആവശ്യപ്പെട്ട് കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടും തലേ ദിവസം മാത്രം ചർച്ച നടത്തിയതിന് ഹൈക്കോടതി തച്ചങ്കരിയെ രൂക്ഷമായി വിമർശിച്ചിരുന്നു. സമവായ ചർച്ചയിൽ എംഡി ധിക്കാരപരമായാണ് പെരുമാറിയതെന്ന് യൂണിയനുകളും ആരോപിച്ചു. തുടർന്ന് ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് കെഎസ്ആർടിസി ജീവനക്കാർ താത്കാലികമായി പണിമുടക്ക് പിൻവലിച്ചത്.

അതേസമയം, പുതിയ ചുമതല സംബന്ധിച്ച് ഇത് വരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല എന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണർ എം പി ദിനേശ്. വാർത്ത ടെലിവിഷനിൽ കണ്ട അറിവ് മാത്രം ആണ് ഉള്ളത് എന്നും എം പി ദിനേശ് മാധ്യമങ്ങളോട് പറഞ്ഞു.

റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ വിരമിക്കുന്നത് കണക്കിലെടുത്ത് ഡോ.വേണുവിനെ അടുത്ത റവന്യൂ സെക്രട്ടറിയായി നിയമിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു. കുര്യന്‍ വിരമിക്കുന്ന മുറയ്ക്ക് വേണു ചുമതല ഏറ്റെടുക്കും. പൊതുഭരണ സെക്രട്ടറി ഡോ.ജയതിലകിന് വനംവകുപ്പിന്‍റ അധികചുമതല നല്‍കി. ബിഎസ് തിരുമേനിയെ ഡിപിഐയായി നിയമിച്ചു. വിആര്‍ പ്രേംകുമാറാണ് പുതിയ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K