28 January, 2019 04:51:04 PM
ആരാധനാലയങ്ങളിലെ ഭക്ഷണ - പ്രസാദ വിതരണത്തിന് ഇനി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഭക്ഷണ - പ്രസാദ വിതരണം രജിസ്‌ട്രേഷനില്ലാതെ നടത്താന്‍ അനുവദിക്കരുതെന്നു സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിട്ടു. ക്ഷേത്രങ്ങളിലെ പ്രസാദമൂട്ടിനും പള്ളികളിലെ ഊട്ടുനേര്‍ച്ചയ്ക്കും ഇനിമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.
ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവയ്ക്കു പുതിയ തീരുമാനം ബാധകമാണ്. കൗണ്ടറുകള്‍ വഴി പ്രസാദ വിതരണം നടത്താന്‍ ലൈസന്‍സ് എടുക്കണമെന്നു നേരത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഊട്ടുനേര്‍ച്ചയ്ക്കും പ്രസാദമൂട്ടിനുമെല്ലാം നിയന്ത്രണം ബാധകമാക്കിയത് ഇപ്പോഴാണ്. പ്രസാദമായോ ഭക്ഷണമായോ വിതരണം ചെയ്യുന്ന എല്ലാ ആഹാരപദാര്‍ഥങ്ങളും രജിസ്ട്രേഷന്‍റെ പരിധിയില്‍പ്പെടും. ഇതുസംബന്ധിച്ച് ഓരോ ജില്ലയിലെയും ആരാധനാലയ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.
പ്രസാദമടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ ഗുണനിലവാരും ഉറപ്പാക്കണം, പ്രസാദ നിര്‍മാണത്തിനുവേണ്ടി വാങ്ങുന്ന അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുടെ ബില്ലുകളും വൗച്ചറുകളും സൂക്ഷിച്ചുവയ്ക്കണം, അന്നദാനം, ലഘുഭക്ഷണ വിതരണം, ജലവിതരണം എന്നിവയും ഗുണനിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ട് വെക്കുന്നത്.