28 January, 2019 04:10:06 PM
അവധി ഉപേക്ഷിച്ച് ദുരന്തമുഖത്തെത്തിയ മേജര്‍ ഹേമന്ദ് രാജിന് വിശിഷ്ട സേവാ മെഡല്‍
- വിഷ്ണു വേണുഗോപാല്‍
കോട്ടയം: കുടുംബത്തോടൊപ്പം ചെലവിടാന്‍ ലഭിച്ച അവധി വേണ്ടെന്നു വെച്ച് പ്രളയഭൂമിയിലെത്തി നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ച മേജര്‍ ആര്‍. ഹേമന്ദ് രാജിന് രാജ്യത്തിന്‍റെ ആദരം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്ദിന് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ട സേവാ മെഡല്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്. രണ്ടാഴ്ചയ്ക്കുളളില്‍ രാഷ്ട്രപതി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക ചടങ്ങില്‍ മെഡല്‍ ഹേമന്ദിന് അണിയിക്കും.
കഴിഞ്ഞ ഓണം വീട്ടുകാരോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലേക്ക് പോന്നതാണ് ഹേമന്ദ്. എന്നാല്‍ അദ്ദേഹം സഞ്ചരിച്ച വിമാനത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാനായില്ല. പകരം തിരുവനന്തപുരത്താണ് ഇറങ്ങിയത്. പ്രളയ വിവരം അറിഞ്ഞ ഹേമന്ദ് തന്‍റെ അവധിയുടെ കാര്യം മറന്നു. തന്‍റെ രാജ്യത്തോടുളള പ്രതിബദ്ധത ഉളളില്‍ നുരഞ്ഞു പൊങ്ങിയ ഹേമന്ദ് ആദ്യം ആലുവയില്‍ എത്തി. അവിടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോളാണ് ചെങ്ങന്നൂരില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി അറിഞ്ഞത്. അങ്ങനെ, മത്സ്യത്തൊഴിലാളികളുടെയും പോലീസിന്‍റെയും കൂടെ പാണ്ടന്നാടും, ചെങ്ങന്നൂരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
2002 ല്‍ കഴക്കൂട്ടം സൈനിക് സ്കൂളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും യു പി എസ് സി പരീക്ഷയില്‍ ജേതാവായി പൂനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സെലക്ഷന്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥാമാക്കിയ ഹേമന്ദ് അയോധ്യ, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുകയും ചെയ്തു. രാഷ്ട്രപതിയുടെ ആര്‍മി ഗാര്‍ഡ് കമാന്‍ഡറായി മൂന്ന് വര്‍ഷവും നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഇന്‍സ്ട്രക്ടറായും സേവനം അനുഷ്ഠിച്ചു. നിലവില്‍ പഞ്ചാബിലെ അബോഹറില്‍ മദ്രാസ് 28 റെജിമെന്‍ഡിലാണ് മേജര്‍ ഹേമന്ദ്.
ഏറ്റുമാനൂര്‍ തവളക്കുഴി മുത്തുച്ചിപ്പിയില്‍ റിട്ട. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. രാജപ്പന്‍റെയും മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിച്ച നഴ്‌സിങ് സൂപ്രണ്ട് ലതികാഭായിയുടെയും മകനാണ് മേജര്‍ ഹേമന്ദ്‌രാജ്. ഭാര്യ: ഡോ. തീര്‍ഥ ഹേമന്ദ്. മകന്‍ അയന്‍.