25 November, 2026 05:15:12 PM


കൊലക്കേസ് പ്രതിയെ കോടതിക്ക് മുന്നിൽ‌ വെടിവെച്ച് വീഴ്ത്തി; കൈകൾ വെട്ടിമാറ്റി



ശിവാജിനഗർ ജില്ലാ കോടതിക്ക് മുന്നിൽ വെച്ച് കൊലക്കേസ് പ്രതിക്ക് നേരെ ക്രൂരമായ ആക്രമണം. 2025ലെ ശുഭം സുഭാഷ് ചവാൻ വധക്കേസിലെ പ്രതിയായ മന്ദാർ മാരുതി കിവാലെയെ ആറോളം വരുന്ന അക്രമിസംഘം വളഞ്ഞിട്ട് വെട്ടുകയും വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിൽ ഇയാളുടെ കൈകൾ അറ്റുപോയി.

ബുധനാഴ്ച കോടതി നടപടികൾക്കായി എത്തിയപ്പോഴായിരുന്നു സംഭവം. ശനിയാഴ്ചയാണ് ഇയാൾ ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ശിവാജിനഗർ കോടതിയുടെ നാലാം നമ്പർ ഗേറ്റിന് പുറത്തുവെച്ചായിരുന്നു ആക്രമണം. 2025 ഏപ്രിൽ 20ന് പൂനെയിലെ കത്രാജ് സന്തോഷ് നഗറിൽ ഭൂമി-സാമ്പത്തിക തർക്കത്തെ തുടർന്ന് ശുഭം സുഭാഷ് ചവാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കിവാലെ. മുൻവൈരാഗ്യത്തെ തുടർന്നുള്ള പ്രതികാരമാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.‌‌

രണ്ട് സ്കൂട്ടറുകളിലായി ആറംഗ സംഘം എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു സ്കൂട്ടറിൽ നാല് പേരും മറ്റൊന്നിൽ രണ്ട് പേരുമാണ് ഉണ്ടായിരുന്നത്. അക്രമികളിൽ ഒരാളുടെ കയ്യിൽ രക്തം പുരണ്ട വടിവാൾ ഉണ്ടായിരുന്നതായും, പരിക്കേറ്റ കിവാലെ നടപ്പാതയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസ്ഥലത്ത് നിന്ന് രണ്ട് തോക്കുകളും തിരകൾ നിറച്ച ഒരു മാഗസിനും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആയുധങ്ങൾ കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 295