23 November, 2026 09:18:11 AM


'ക്ലീൻ ശക്തിനഗർ': ശുചിത്വത്തിനായി കൈകോർത്ത് റസിഡന്റ്സ് അസോസിയേഷൻ



ഏറ്റുമാനൂർ: മാലിന്യമുക്തവും വൃത്തിയുള്ളതുമായ ശക്തിനഗർ എന്ന ലക്ഷ്യവുമായി ശുചിത്വ പ്രവർത്തനങ്ങൾ ഊർജിതമാക്കി ശക്തിനഗർ റെസിഡന്റ്സ് അസോസിയേഷൻ. 'ക്ലീൻ ശക്തിനഗർ' പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ റോഡുകൾ ശുചീകരിക്കുകയും വഴിയോരങ്ങളിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച നടന്ന ശുചീകരണ യജ്ഞത്തിൽ ഹരിതകർമസേന റോഡരികിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളും അസോസിയേഷൻ പ്രവർത്തകർ നീക്കം ചെയ്തു എന്നത് ശ്രദ്ധേയമായി.

റോഡ് ശുചീകരണം, വഴിയോര മാലിന്യനീക്കം, പൊതുസ്ഥലങ്ങളുടെ വൃത്തിയാക്കൽ തുടങ്ങി പ്രദേശത്തിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന സമഗ്ര പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രദേശത്തെ റോഡുകളും വഴിയോരങ്ങളും പൊതുയിടങ്ങളും മാലിന്യമുക്തമാക്കുക, അനധികൃത മാലിന്യ നിക്ഷേപം തടയുക, ശുചിത്വത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

അസോസിയേഷൻ അംഗങ്ങളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ വിവിധ ഘട്ടങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ശുചിത്വം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശമുയർത്തി നേരത്തെ നടപ്പാക്കിയ 'എന്റെ വീട്, എന്റെ ശുചിത്വം' പദ്ധതിയും ശ്രദ്ധേയമായ വിജയമായിരുന്നു.

ഞായറാഴ്ച നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് ബി. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ഇ.പി. സലിം ഇടമനപ്പാട്ട് നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി എം.എസ്. അപ്പുക്കുട്ടൻ നായർ, ജോർജ് ജോൺ ചിറയിൽ, രാഹുൽ നടുവിട്, പി.എം. ബാബു, ഹരീഷ് ആർ. നായർ, രാജീവ് എൻ.എസ്., പി.ജെ. ചാക്കോ, ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

കൂട്ടായ ഉത്തരവാദിത്വമുള്ള അസോസിയേഷനിലൂടെ ശുചിത്വമുള്ള ശക്തിനഗർ എന്ന ലക്ഷ്യത്തിലേക്കുള്ള ജനകീയ ഇടപെടലായി 'ക്ലീൻ ശക്തിനഗർ' പദ്ധതി മുന്നേറുകയാണെന്ന് ഭാരവാഹികൾ പറയുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935