31 August, 2026 05:11:54 PM
പാലായിൽ കടകളിൽ വൻ മോഷണം; സിസിടിവി തകർത്ത് അകത്തു കടന്നു; കവർന്നത് ലക്ഷങ്ങള്‍

പാലാ : പാലാ നഗരത്തിൽ മോഷണ പരമ്പര. ഇന്ന് പുലർച്ചെ പാലായിലെ വിവിധ ഭാഗങ്ങളിലായി നാല് കടകളിൽ മോഷണം നടന്നു. ലക്ഷങ്ങൾ മോഷണം പോയതായി പ്രാഥമിക റിപ്പോർട്ട്. കട്ടക്കയം റോഡിലെയും സ്റ്റേഡിയം ജംഗ്ഷൻ ഭാഗത്തെയും വ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. പാലാ കട്ടക്കയം റോഡിലെ ഒരു മീൻ കടയിൽ നിന്നും 4 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. സമീപത്തെ പഴക്കടയിൽ നിന്നും പണവും മോഷണം പോയിട്ടുണ്ട്.
അതേസമയം, പാലാ സ്റ്റേഡിയം ജംഗ്ഷനിലെ രണ്ട് കടകളിൽ നിന്നായി ഏകദേശം 65,000 രൂപ മോഷണം പോയതായും വ്യാപാരികൾ അറിയിച്ചു. സി.സി.ടി.വി ക്യാമറകൾ തകർത്ത ശേഷമാണ് മോഷ്ടാക്കൾ കടകളുടെ താഴ് പൊളിച്ച് അകത്തുകയറിയതെന്നാണ് സൂചന.
മോഷണവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പാലാ പോലീസ് ആരംഭിച്ചു. നഗരത്തിൽ ഒരേ രാത്രിയിൽ തുടർച്ചയായി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത് വ്യാപാരികളിലും നാട്ടുകാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.






