06 September, 2026 08:59:52 PM


പാലായിൽ പവർ ടൂൾസ് സ്ഥാപനത്തിൽ മോഷണം; പ്രതി അറസ്റ്റിൽ



പാലാ: കുമ്മണ്ണൂരിൽ പ്രവർത്തിച്ചുവരുന്ന കോയിക്കൻസ് പവർ ടൂൾസ് സ്ഥാപനത്തിൽ കയറി ഇലക്ട്രിക് വയർ കോയിൽ മോഷ്ടിച്ച കേസിൽ ഒരാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സെപ്റ്റംബർ 1-ന് പുലർച്ചെ 2.05 ഓടെ തുറന്നുകിടന്ന ഗ്രിൽ ഭാഗത്തുകൂടി അകത്ത് കടന്ന പ്രതി, സ്ഥാപന ഉടമ വാടകയ്ക്ക് നൽകിവന്നിരുന്ന ഇലക്ട്രിക് വയർ കോയിലുകളിൽ ഒരെണ്ണം മോഷ്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ സ്ഥാപന ഉടമയ്ക്ക് ഏകദേശം 6,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.

സംഭവത്തിൽ പാലാ പോലീസ് സ്റ്റേഷനിൽ  കേസ് രജിസ്റ്റർ ചെയ്തു. കേസിലെ പ്രതിയായ ശ്രീജിത്ത് (40), കാനാട്ട്, പ്ലാശനാൽ പി.ഒ., തെള്ളിയാമറ്റം ഭാഗം, തലപ്പലം, ഈരാറ്റുപേട്ട എന്നയാളെ പാലാ ഡി.വൈ.എസ്.പി കെ. സദന്റെ നിർദ്ദേശപ്രകാരം പാലാ ഇൻസ്പെക്ടർ എസ്.എച്ച്.ഒ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കിടങ്ങൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കിഷോർ സണ്ണി ഡി., എസ്.ഐ മധു പി.പി., എ.എസ്.ഐ റോബി തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ബിജോ കെ. രമേശ്, അനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.അറസ്റ്റിലായ പ്രതിയെ സെപ്റ്റംബർ 6-ന് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946