22 August, 2026 01:14:41 PM


വീണ തന്‍റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടി വരുന്നു- പിണറായി വിജയൻ



മാസപ്പടി കേസിലെ ഇ ഡി ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്റെ കൈകൾ ശുദ്ധമാണ്. താനോ തന്റെ കുടുംബമോ ഹവാല ഇടപാടുകളിൽ ഉൾപ്പെട്ടിട്ടില്ല. തന്റെ കൈകളിൽ കറപുരണ്ടിട്ടില്ല എന്നും അദ്ദേഹം കൈകൾ ഉയർത്തിക്കാട്ടി മാധ്യമങ്ങളോടു പറഞ്ഞു.

വീണ തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്നും ആ ചെറുപ്പക്കാരി വലിയ സ്വത്തിന് ഉടമയൊന്നുമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനോ തന്റെ മകളോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ല. തന്റെ കൈകള്‍ എല്ലാ കാലത്തും ശുദ്ധമാണ്. ഇനിയും അങ്ങനെയായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇഡി അന്വേഷണവുമായി വീണ പൂർണമായി സഹകരിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. തന്റെ കൈകള്‍ ശുദ്ധമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഇഡിയുടെ നടപടികള്‍ വിചിത്രമാണെന്നും തനിക്ക് പിന്നാലെ അവര്‍ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുകയും അതിന് അനുസൃതമായി റെയ്ഡുകൾ നടത്തുകയുമാണ് ചെയ്യുന്നത്. ഹവാല പണം കൈമാറിയതിന് തെളിവുകൾ എന്താണെന്നും അദ്ദേഹം ചോദിച്ചു.

തനിക്കോ മകള്‍ക്കോ ഹവാല ഇടപാടുമായി യാതൊരു ബന്ധവുമില്ല. പിഎ മുഹമ്മദ് റിയാസിനെതിരെയും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ തന്റെ പേര് മുന്‍ മുഖ്യമന്ത്രിയെന്ന് പ്രത്യേകം രേഖപ്പെടുത്തിയതിനു പിന്നിലും പ്രത്യേക താല്‍പ്പര്യങ്ങളുണ്ട്. ചില മാധ്യമങ്ങള്‍ക്കും തന്നോട് 'പ്രത്യേക' താല്‍പ്പര്യങ്ങളുണ്ട് എന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. അതേസമയം, പിണറായിയുടെ പ്രതികരണം വരുന്നതു വരെ സിപി‌എമ്മിൽ നിന്ന് ഇതേക്കുറിച്ചുള്ള പ്രതിരോധമോ അഭിപ്രായപ്രകടനങ്ങളോ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929