07 September, 2026 10:15:32 AM
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളിൽ നിന്ന് 5 ലക്ഷം രൂപ തട്ടി; 2 തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർ വിഴിഞ്ഞം പൊലീസിന്റെ പിടിയിലായി. തഞ്ചാവൂർ പേരാവൂറാണി സ്വദേശി ആരോഗ്യ സ്റ്റീഫൻ (38), തിരുച്ചിറപ്പള്ളി അരിയമംഗലം സ്വദേശി മുഹമ്മദ് അബ്ബാസ് (49) എന്നിവരാണ് അറസ്റ്റിലായത്. അടിമലത്തുറ സ്വദേശിയായ ജോസിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ജോസിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയ പ്രതികൾ, ഡൽഹിയിൽ എത്തിയ ശേഷം യാത്രാ രേഖകൾ നൽകാമെന്ന് ഉറപ്പുനൽകുകയായിരുന്നു. ഇത് വിശ്വസിച്ച് ഡൽഹിയിലെത്തിയ ജോസിന് രേഖകളോ തുടർയാത്രയ്ക്കുള്ള സൗകര്യങ്ങളോ ലഭിച്ചില്ല. രണ്ടുദിവസം അവിടെ തങ്ങിയ ശേഷം തിരികെ എത്തിയ ജോസ് പണം തിരിച്ചാവശ്യപ്പെട്ടെങ്കിലും പ്രതികൾ നൽകാൻ തയ്യാറായില്ല. തുടർന്നാണ് പൊലീസിനെ സമീപിച്ചത്.
കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രതികൾക്കെതിരെ സമാനമായ തട്ടിപ്പ് പരാതി നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. വിഴിഞ്ഞം എസ്.ഐ എം. പ്രശാന്ത്, എസ്.സി.പി.ഒ വി.യു. വിനയകുമാർ, സി.പി.ഒമാരായ ആർ.ആർ. റെജിൻ, സി.എസ്. ആദർശ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.






