18 September, 2026 07:54:28 PM


കോന്നി മെഡിക്കല്‍ കോളേജിൽ 16 കാരിക്ക് 88 കാരിയുടെ എക്സ്റേ ഫിലിം മാറി നല്‍കി



പത്തനംതിട്ട: പത്തനംതിട്ടയില്‍ ചികിത്സയ്‌ക്കെത്തിയ പതിനാറുകാരിക്ക് എക്‌സ് റേ ഫിലിം മാറി നല്‍കിയതായി പരാതി. കോന്നി മെഡിക്കല്‍ കോളേജിനെതിരെയാണ് പരാതി. ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് പതിനാറുകാരി കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. എക്‌സ് റേ എടുത്ത് മരുന്ന് കഴിച്ചിട്ടും അസുഖം മാറാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എക്‌സ്-റേ ഫിലിമുമായി മറ്റൊരു ഡോക്ടറെ കണ്ടപ്പോഴാണ് ചികിത്സാ പിഴവ് തിരിച്ചറിയുന്നതെന്നാണ് പരാതിയിൽ പറയുന്നത്.

പതിനാറുകാരിക്ക് നല്‍കിയ എക്‌സ് റേ 88 വയസ്സുള്ള മറ്റൊരു രോഗിയുടേതാണെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ എക്‌സ്-റേ മാത്രം നോക്കിയല്ല രോഗിക്ക് മരുന്ന് നല്‍കുന്നതെന്നാണ് സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ന്മാരോട് ഇതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും കൊന്നി മെഡിക്കല്‍ കോളേജ് സുപ്രണ്ട് വ്യക്തമാക്കി.

മാറി പോയ എക്സറേ അടിസ്ഥാനമാക്കി നൽകിയ മരുന്നുകൾ മൂന്നുദിവസം കഴിച്ചതായി പെണ്‍കുട്ടി പറയുന്നു. ചികിത്സാ സമയം ഡോക്ടര്‍ എക്‌സ്-റേയിലെ പേര് നോക്കിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. പത്തനംതിട്ട ആശുപത്രിയില്‍ ചെന്നപ്പോഴാണ് മറ്റൊരു രോഗിയുടെ എക്‌സ് റേ ആണ് നല്‍കിയതെന്ന് മനസ്സിലായതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. മരുന്നു കഴിച്ചിട്ടും ശ്വാസംമുട്ടല്‍ മാറിയില്ലെന്നും മറ്റ് അസ്വസ്ഥത ഉണ്ടായില്ലെന്നും പെൺകുട്ടി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911