07 September, 2026 04:29:02 PM


ചെക്ക് കേസ്; മാണി സി കാപ്പന്‍ കോടതിയില്‍ ഹാജരായി; ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിന്‍വലിച്ചു



കോട്ടയം: ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എം എല്‍ എയ്‌ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിന്‍വലിച്ചു. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മാണി സി കാപ്പന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പിന്‍വലിക്കാന്‍ കോടതി തീരുമാനിച്ചത്.

നേരത്തെ കേസില്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ബോറിവലി കോടതി കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മാണി സി കാപ്പന്‍ ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മാണി സി കാപ്പന് കോടതി ശിക്ഷ വിധിച്ചത്. ചെക്ക് കേസില്‍ എംഎല്‍എയെ ശീക്ഷിച്ചത് പാലാ നിയോജക മണ്ഡലത്തിന് തന്നെ നാണക്കേടാണെന്ന് കേരള കോണ്‍ഗ്രസ് ( എം) ചെയര്‍മാനും, പാലായിലെ എതിര്‍സ്ഥാനാര്‍ത്ഥിയുമായിരുന്ന ജോസ് കെ മാണി പ്രതികരിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947