05 September, 2026 09:50:33 AM


ഭൂമി തരംമാറ്റത്തിന് 10 ലക്ഷം രൂപ കൈക്കൂലി; ഇടനിലക്കാരനായ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റില്‍



കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മുന്‍ ഡെപ്യൂട്ടി കളക്ടര്‍ അറസ്റ്റില്‍. കടവന്ത്ര സ്വദേശി കൃപ എന്‍ കെയാണ് പിടിയിലായത്. സംഭവത്തില്‍ താലൂക്ക് തഹസില്‍ദാറായ ആന്റണി ജോസഫാണ് നേരത്തെ പിടിയിലായത്. വസ്തുതരം മാറ്റി നല്‍കാന്‍ സഹായിക്കാം എന്ന് പറഞ്ഞാണ് പരാതിക്കാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്. കലൂര്‍ സ്വദേശിയായ പരാതിക്കാരന്‍റെ പിതാവിന്റെ പേരിലുള്ള ഭൂമി തരംമാറ്റി നല്‍കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ജോസഫ് ആന്റണി ഹര്‍ട്ടീസും സംഘവും 10 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയത്.

പ്രോജക്ട് സീറോയുടെ ഭാഗമായി നടത്തിയ ട്രാപ്പ് ഓപ്പറേഷനിലൂടെയാണ് എറണാകുളം വിജിലന്‍സ് യൂണിറ്റ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് കൈക്കൂലി സംഘത്തില്‍പ്പെട്ട രാജേഷ് എന്‍ എസ്, ജോസഫ് ഷിബിന്‍ എന്നിവരെ ഉള്‍പ്പെടെ വലയിലാക്കിയത്. 2018 മുതല്‍ കൊച്ചിയിലെ ഒരു ഭൂവുടമ അദ്ദേഹത്തിന്റെ പുരയിടത്തിന് നികുതി അടച്ചുവന്നിരുന്നു. ഇതിനിടെ ജോസഫ് ആന്റണി ഏജന്റുമാര്‍ മുഖേന ഈ പുരയിടം നിലമാണെന്ന് കാട്ടി പരാതി നല്‍കി. പരാതി ഒതുക്കി തീര്‍ക്കാന്‍ താലൂക്ക് ഓഫീസിലേക്ക് ഭൂവുടമയെ വിളിച്ചുവരുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ പണം വാങ്ങുന്നതിന് ഇടയിലാണ് കടവന്ത്രയില്‍ വച്ച് ജോസഫ് ആന്റണിയെയും ഏജന്റുമാരും പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921