19 August, 2026 09:20:11 AM


നഴ്സിങ് വിദ്യാർഥിനി അൻസിജിയുടെ മരണം; കോളജ് പ്രിൻസിപ്പൽ അറസ്റ്റിൽ



കന്യാകുമാരി: കന്യാകുമാരിയിൽ ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരേ പ്രതികരിച്ച മലയാളി വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളജ് പ്രിൻസിപ്പാൾ ഷീജയാണ് അറസ്റ്റിലായത്. കർണാടകത്തിലെ ഹുസൂരിൽ നിന്ന് തമിഴ്നാട് സ്പെഷ്യൽ ടീമാണ് ഇവരെ പിടികൂടിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി കുക്കു (21) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോളേജിലെ മൂന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായിരുന്നു. കോളേജ് അധികൃതരുടെയും അധ്യാപകരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് അൻസിജി താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആദ്യം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ ഏതാനും മാസങ്ങൾക്ക് മുൻപ് അൻസിജി ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് സമരം ചെയ്ത വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ഇവർ പുറത്തെ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിച്ച് പഠിച്ചു വരികയുമായിരുന്നു. ഇതിന് ശേഷവും അധ്യാപകരും മാനേജ്‌മെന്റും വിദ്യാർഥികളെ മാനസികമായി ഉപദ്രവിച്ചിരുന്നതായി രക്ഷിതാക്കൾ കരുങ്കൽ പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938