24 July, 2026 07:37:27 PM
'ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ മന്ത്രി': രാജിവെക്കും വരെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ധര്‍മേന്ദ്ര പ്രധാന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജ്യത്തിന്റെ വ്യദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് ക്രൂരതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, സഭയില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും അവകാശപ്പെട്ടു.
പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. യുവാക്കളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിച്ച്, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് പ്രധാനമന്ത്രിയോടും രാഹുല്‍ ആവശ്യപ്പെട്ടു.തിങ്കളാഴ്ച നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചില്ലെന്ന് പൊലീസും സര്‍ക്കാരും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
എന്നാല്‍, വൈദ്യപരിശോധനയില്‍ പെല്ലറ്റ് മുറിവുകള്‍ സ്ഥിരീകരിച്ച നിരവധി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരില്‍ ഒരാളായ 19കാരന്‍ സാഹില്‍ ലോച്ചാബിനെ ഒപ്പം നിര്‍ത്തിയാണ് വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. സാഹിലിന്റെ മുഖത്തും ശരീരത്തിലും പെല്ലറ്റ് ഏറ്റതിന്റെ മുറിവുകള്‍ വ്യക്തമായിരുന്നു.
ഡല്‍ഹിയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങാന്‍ കാരണം ധര്‍മേന്ദ്ര പ്രധാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സമരത്തില്‍ 'വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ആവശ്യങ്ങളുണ്ട്. അഴിമതിക്കാരനായ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണം, വിദ്യാര്‍ത്ഥികളെ തല്ലിയവര്‍ നടപടി നേരിടണം, പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കണം. ഇതാണ് പ്രധാന മൂന്ന് വ്യവസ്ഥകളെന്നും' രാഹുല്‍ ഗാന്ധി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ ഞങ്ങള്‍ ഒരു സംഭാഷണമോ ചര്‍ച്ചയോ നടത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





