21 July, 2026 09:34:50 AM


ഗുജറാത്തിൽ 4 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു



വസാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള വസാദിൽ നാലു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുരേഷ് പാർമർ എന്നയാളാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രി വസാദ് റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിയെടുക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തുനിന്നാണ് ലഭിച്ചത്. തുടർന്ന് നടത്തിയ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതും മണിക്കൂറുകൾക്കകം ബോർസാദ് പോലീസ് ഇയാളെ പിടികൂടി ആനന്ദ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതും. ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പ്രതി വാഹനം നിർത്താൻ ആവശ്യപ്പെടുകയും, തുടർന്ന് പക്കലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. 

പ്രതിയെ കീഴടക്കാൻ ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും വഴങ്ങാതിരുന്നതിനെ തുടർന്ന് ആത്മരക്ഷാർത്ഥം പോലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിലെത്തിച്ച പ്രതി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956