31 July, 2026 11:19:21 AM
പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പിന്‍മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ പദ്ധതികളുടെ ആനൂകൂല്യങ്ങള്‍ നഷ്ടമാകുമെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയെ അറിയിച്ചു. വി ശിവദാസന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മുന്‍ സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചത്. ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിച്ച് കൊണ്ടു പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.
എംഒയു ഒപ്പിട്ട ശേഷം കേരളം സ്‌കൂളുകളുടെ പട്ടിക നല്‍കിയില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഒപ്പിട്ട ശേഷവും പദ്ധതിയില്‍ നിന്ന് ഒരു സഹായവും കിട്ടാത്ത ഏക സംസ്ഥാനം കേരളമാണ്. പിഎം ശ്രി പദ്ധതിയില്‍ സംസ്ഥാന പാഠ്യപദ്ധതി അതേപടി നടപ്പാക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയെ അറിയിച്ചു.
കേരളം പി എംശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടെങ്കിലും ഒരു തുടര്‍നടപടിയും ആരംഭിച്ചില്ലെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് ഇന്നലെ കേന്ദ്രം മറുപടി നല്‍കിയിരുന്നു. കേരളം സമീപകാലത്ത് പി എംശ്രീ നടപ്പിലാക്കിയതിന്റെ ഭാഗമായി എത്ര ഫണ്ട് നല്‍കിയെന്നായിരുന്നു ജെബി മേത്തറുടെ ചോദ്യം. കേരളം പിഎംശ്രീ നടപ്പിലാക്കിയിട്ടില്ലെന്നും ഒരു രൂപപോലും അതിന്റെ പേരില്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി.





