01 July, 2026 09:15:28 PM


അനധികൃത മദ്യവിൽപ്പന: രാമപുരത്ത് 18.5 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ



പാലാ : ഡ്രൈഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി. രാമപുരം നെല്ലിക്കൽ വീട്ടിൽ ഡെന്നിസ് എൻ കെ (30) യെ ആണ് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി. ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 18.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു.

ഡ്രൈ ഡേ ദിവസം പാലായിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വിദേശമദ്യം വിൽക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് , ദിവസങ്ങളോളമായി പ്രദേശത്ത് എക്സൈസ് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതി സ്കൂട്ടറിൽ മദ്യവുമായി എത്തിയത്. തുടർന്ന് ഇയാളെ പിടികൂടി നടത്തിയ പരിശോധനയിലാണ് പതിനെട്ടര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തിയത്.

ഒന്നാം തീയതിയും ഡ്രൈ ഡേ ദിവസങ്ങളിലും വ്യാപകമായി ഇയാൾ മദ്യ വില്പന നടത്തിയിരുന്നതായി എക്സൈസ് സംഘം അറിയിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ എം നൗഷാദ് , ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ അഫ്സൽ കെ , പ്രവീൺ ശിവാനന്ദ് , സിവിൽ എക്സൈസ് ഓഫിസർമാരായ ദീപക് സോമൻ , ജിഷ്‌ണു ശിവൻ , യേശുദാസ് , സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ബിബിൻ ജോയ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302