24 June, 2026 09:47:17 AM
കൊച്ചിയിൽ അര കിലോമീറ്റർ റെയിൽവേ ട്രാക്ക് മോഷണം പോയി

കൊച്ചി: കനത്ത സുരക്ഷാ നിരീക്ഷണമുള്ള കൊച്ചി വില്ലിങ്ഡൻ ഐലൻഡിൽ റെയിൽവേ ട്രാക്ക് അപ്പാടെ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തൽ. നിലവിൽ ട്രെയിൻ സർവീസുകളില്ലാത്ത പാതയിലെ ഏതാണ്ട് അര കിലോമീറ്ററോളം വരുന്ന റെയിൽവേ ട്രാക്കാണ് കടത്തിക്കൊണ്ടുപോയത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മോഷണം നടന്നിരിക്കുന്നത്. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാതയിലെ ഒരു ഭാഗമാണ് കാണാതായിരിക്കുന്നത്.
റെയിൽവേ അധികൃതർക്ക് ലഭിച്ച ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 500 മീറ്ററോളം ട്രാക്ക് പൂർണ്ണമായും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇത്രയും വലിയ റെയിൽവേ പാളങ്ങൾ പെട്ടെന്ന് കടത്തിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നിരിക്കെ ഇതിന് പിന്നിൽ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മുൻപ് ഈ ഭാഗത്തെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമങ്ങൾ നടന്നിരുന്നു. ഈ പ്രവൃത്തികളുടെ മറവിൽ ട്രാക്കുകൾ കടത്തിയതാണോ എന്ന് റെയിൽവേ സംശയിക്കുന്നുണ്ട്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.







