21 June, 2026 07:46:41 PM


അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി



കൊച്ചി: 'അമ്മ' സംഘടന ഇനി നയിക്കുക അഡ്‌ഹോക്ക് കമ്മിറ്റി. ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. രമേഷ് പിഷാരടിയാണ് കൺവീനർ. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ. നാല് മാസമായിരിക്കും അഡ്‌ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നത് അഡ്ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടൻ ജഗദീഷാണ് അഡ്ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

ഇന്ന് ചേര്‍ന്ന 'അമ്മ' ജനറല്‍ ബോഡി യോഗം വളരെ നാടകീയതയോടെയാണ് അവസാനിച്ചത്. അമ്മയിലെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അമ്മയിലെ അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോന്‍ പ്രഖ്യാപിച്ചു. തന്റെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നെന്നും ശ്വേത ആരോപിച്ചു. പാവകളായില്ലെങ്കില്‍ ഈ സംഘടന ഓടിക്കാന്‍ പറ്റില്ലെന്നും അതിന് തനിക്ക് സാധിക്കില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ശ്വേത മേനോന് പുറമേ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍, ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന്‍, വൈസ് പ്രസിഡന്റുമാരായ ലക്ഷ്മിപ്രിയ, ജയന്‍ ചേര്‍ത്തല, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു, വിനു മോഹന്‍, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, ഡോ റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ്, ജോയ് മാത്യു, അഞ്ജലി നായര്‍, ആശാ അരവിന്ദ്, കൈലാഷ് എന്നിവരാണ് ഇന്ന് രാജിവെച്ച ഭരണസമിതിയിലെ അംഗങ്ങള്‍. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923