18 June, 2026 05:37:42 PM
പി.ആർ.ഡിയിൽ കരാർ ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ; അപേക്ഷ ശനിയാഴ്ച വരെ

കോട്ടയം: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും പാനലിൽ അംഗമാകുന്നതിന് നാളെ (ജൂൺ 20, ശനി) ഉച്ചകഴിഞ്ഞു മൂന്നുമണി വരെ അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് സേവനം. കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരെയാണ് പരിഗണിക്കുന്നത്. വീഡിയോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കുന്നർക്ക് ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പി.ആർ.ഡിയിൽ പ്രവൃത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താ മാധ്യമങ്ങളിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിൽ പ്രവർത്തിച്ചവർക്കും മുൻഗണന ലഭിക്കും.
പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടൂ യോഗ്യത അഭിലഷണീയം. സ്വന്തമായി ഫുൾ എച്ച്.ഡി പ്രഫഷണൽ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വാർത്താ വീഡിയോകൾ അതിവേഗം എഡിറ്റ് ചെയ്ത് നൽകാൻ കഴിയണം. ഡിജിറ്റൽ എസ്.എൽആർ അല്ലെങ്കിൽ മിറർലെസ് ക്യാമറകൾ ഉപയോഗിച്ച് ഹൈ റസല്യൂഷൻ വാർത്താചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരെയാണ് ഫോട്ടോഗ്രാഫർ പാനലിലേക്ക് പരിഗണിക്കുന്നത്. വൈഫൈ ക്യാമറയുള്ളവർക്കും ഇൻഫർമേഷൻ -പബ്ലിക് റലേഷൻസ് വകുപ്പിലും പത്രസ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന ലഭിക്കും.
അപേക്ഷകളും അനുബന്ധ രേഖകളും ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരിൽനിന്ന് അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക. വിശദവിവരങ്ങൾ കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ-04812562558.




