21 July, 2026 06:43:22 PM
ഓണം ഖാദി മേള; ജൂലൈ 23 മുതൽ കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ

കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഓണം മേള ജൂലൈ 23(വ്യാഴാഴ്ച) മുതൽ ഓഗസ്റ്റ് 25 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൺ കുർത്തികൾ, നാടൻ പഞ്ഞി മെത്തകൾ, സിൽക്ക് -കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ എന്നിവയും ഗ്രാമവ്യവസായ ഉൽപന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, സ്റ്റാർച്ച് തുടങ്ങിയവയും മേളയിൽ ലഭ്യമാകും.
ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. ഓരോ 1,000 രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പൺ ലഭിക്കും. ടാറ്റാ ടിയാഗോ കാർ ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം സുസുക്കി അക്‌സസ് 125 സ്‌കൂട്ടർ, മൂന്നാം സമ്മാനം 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ. ഇതിനുപുറമേ എല്ലാ ആഴ്ചയും നടക്കുന്ന ജില്ലാതല നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിക്കും.
സർക്കാർ/ അർദ്ധസർക്കാർ, പൊതുമേഖല, ബാങ്ക്, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.
കോട്ടയം ബേക്കർ ജംഗ്ഷനിലെ കെ.ജി.എസ് സി.എസ്.ഐ കോംപ്ലക്‌സ്, ചങ്ങനാശ്ശേരി റവന്യു ടവർ, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, ഉദയനാപുരം മസ്ലിൻ യൂണിറ്റ് ബിൽഡിംഗ്, കുറവിലങ്ങാട് ഭാരത് മാതാ കോംപ്ലക്‌സ് എന്നീ ഖാദി ഗ്രാമ സൗഭാഗ്യകളിൽ റിബേറ്റ് ലഭ്യമാണ്.




