15 July, 2026 04:33:10 PM
സ്വയം തൊഴില് പദ്ധതികള്ക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: നാഷണല് എംപ്ലോയ്മെന്റ സര്വീസ് (കേരളം) എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള് മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില് പദ്ധതികളിലേക്ക് ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില് രജിസ്റ്റര് ചെയ്തിട്ടുളളവര്ക്ക് അപേക്ഷിക്കാം. കെസ്റു-99, മള്ട്ടിപര്പ്പസ് സര്വീസ് സെന്റേഴ്സ്/ ജോബ് ക്ലബ് എന്നിവയാണ് പദ്ധതികള്. അപേക്ഷാ ഫോറം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില് ലഭിക്കും.
കെസ്റു-99 (കേരളാ സ്റ്റേറ്റ് സെല്ഫ് എംപ്ലോയ്മെന്റ് സ്കീം ഫോര് ദി രജിസ്റ്റേര്ഡ് അണ് എംപ്ലോയ്ഡ്)പദ്ധതിപ്രകാരം തൊഴില്രഹിതരായ യുവതീയുവാക്കള്ക്ക് കൃഷി, വ്യവസായം, സേവന മേഖലകള്, ബിസിനസ്സ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിജയ സാദ്ധ്യതയുള്ള ഏതു സംരംഭം തുടങ്ങുന്നതിനും 20 ശതമാനം സര്ക്കാര് സബ്സിഡിയോടുകൂടി ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പ്രായപരിധി 21-50. കുടുംബ വാര്ഷിക വരുമാനം ഒരു ലക്ഷം രൂപയില് കൂടാന് പാടില്ല.
മള്ട്ടിപര്പ്പസ് സര്വീസ് സെന്റേഴ്സ്/ ജോബ് ക്ലബ് പദ്ധതി പ്രകാരം രണ്ടു മുതല് അഞ്ചു വരെ ചെറുപ്പക്കാര്ക്ക് ഒന്നു ചേര്ന്ന് പരമാവധി 10 ലക്ഷം രൂപാ വരെ ചെലവ് വരുന്ന സംരംഭങ്ങള് തുടങ്ങാവുന്നതാണ്. പദ്ധതിച്ചെലവിന്റെ 25ശതമാനം അല്ലെങ്കില് രണ്ടു ലക്ഷം രൂപ വരെ സര്ക്കാര് സബ്സിഡി അനുവദിക്കും. പ്രായം 21നും 45നുമിടയില്. ഉയര്ന്നപ്രായപരിധിയില് പട്ടികജാതി/പട്ടികവര്ഗ വിഭാഗങ്ങളില്പെട്ടവര്ക്ക് അഞ്ചു വയസും മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവര്ക്ക് മൂന്നു വയസും ഇളവ് അനുവദിക്കും. വാര്ഷിക വരുമാനം ഒരു ലക്ഷം രൂപയില് താഴെയായിരിക്കണം.
വിശദ വിവരങ്ങള് 0481-2560413(ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കോട്ടയം),04822 200138(പാലാ),0482-8203403( കാഞ്ഞിരപ്പള്ളി), 0481-2422173( ചങ്ങനാശ്ശേരി),0482-9223999 (വൈക്കം) എന്നീ ഫോണ് നന്പരുകളില് ലഭിക്കും.




