08 June, 2026 10:56:29 AM
കാനഡയില്‍ കരടിയുടെ ആക്രമണം; കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കോഴിക്കോട്: കാനഡയില്‍ കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് സ്വദേശിഹൃഷികേശി(27)ന്റെ മൃതദേഹം പുലര്‍ച്ചെയാണ് വിമാന മാര്‍ഗം നാട്ടിലെത്തിച്ചത്. സംസ്‌കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില്‍ നടക്കും.
മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് ദേശീയ താരമായിരുന്നു ഹൃഷികേശ്. മെയ് എട്ടിനാണ് കാനഡയില്‍ വെച്ച് കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാനഡയിലെ സസ്‌കാച്ചെവന്‍ പ്രവിശ്യയിലുള്ള യുറേനിയം പര്യവേക്ഷണ മേഖലയില്‍ കരാര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നതിനിടെ മെയ് എട്ടിനായിരുന്നു സംഭവം. നൊര്‍ഡ്‌ബെ തടാകത്തിന് സമീപമുള്ള യുറേനിയം എക്‌സ്‌പ്ലൊറേഷന്‍ സൈറ്റില്‍ ജോലി ചെയ്യുന്നതിനിടെ കരടി ആക്രമിക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ അവിടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ കരടിയെ വെടിവെച്ചുകൊന്നു.
മൂന്നുവര്‍ഷം മുമ്പാണ് ജോലിക്കായി കാനഡയിലേക്ക് എത്തിയത്. മൂത്ത സഹോദരന്‍ കെ അര്‍ജുനൊപ്പം ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിങ്ടണ്ണിലായിരുന്നു താമസം. വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠനം തുടങ്ങാനിരിക്കെയായിരുന്നു ദുരന്തം. കെ രതീഷ്- പി തുളസി ദമ്പതികളുടെ മകനാണ് ഹൃഷികേശ്. ശ്രീശങ്കര്‍ മറ്റൊരു സഹോദരനാണ്.






