10 July, 2026 01:05:08 PM
മുന്നൂറോളം ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ 69കാരൻ പിടിയിൽ

റായ്പൂര്‍: ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ച് ചാള്‍സ് ശോഭ് രാജിന് സമാനമായ ആഡംബര ജീവിതം നയിച്ച് ബില്ല് അടയ്ക്കാതെ മുങ്ങല്‍ പതിവാക്കിയ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ 69കാരനായ ബിങ്‌സണ്‍ ജോണ്‍ ആണ് പിടിയിലായത്. ഇന്ത്യയിലുടനീളമുള്ള മൂന്നൂറിലേറെ ഹോട്ടലുകളിലാണ് ഇയാള്‍ താമസിച്ച ശേഷം പണം അടയ്ക്കാതെ മുങ്ങിയത്
വിദേശ ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അധ്യാപകന്‍, യോഗ ട്രെയിനര്‍ എന്ന വ്യാജേനെയാണ് ഇയാള്‍ ഹോട്ടലുകളില്‍ മുറിയെടുത്തിരുന്നത്. ദിവസങ്ങളോളം താമസിച്ച ശേഷം ബില്‍ അടയ്ക്കാതെ മുങ്ങുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പലപ്പോഴായി ഹോട്ടലുകളില്‍ നിന്ന് വിലയേറിയ വസ്തുക്കളും മോഷ്ടിച്ചിരുന്നതായും പൊലീസ് പറയുന്നു.
റായ്പൂരിലെ ഹയാത്ത് ഹോട്ടലില്‍ ആയിരുന്നു ഇയാളുടെ അവസാനത്തട്ടിപ്പ്. രണ്ട് ദിവസം താമസിച്ച ഇയാള്‍ 63,755 രൂപയുടെ ബില്ല് അടയ്ക്കാതെ മുങ്ങുകയും 1.48 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പ് കവര്‍ന്നതായും പൊലീസ് പറഞ്ഞു. ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ ഭുവനേശ്വറില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ഹോട്ടലില്‍ നിന്ന് മോഷ്ടിച്ച ലാപ് കണ്ടെടുക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിനിടെയാണ് 1990 മുതല്‍ ഇത്തരത്തില്‍ രാജ്യത്തുടനീളമുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചിരുന്നതായി പൊലിസിനോട് പറഞ്ഞു. 2002ല്‍ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് ബില്ല് അടയ്ക്കാതെ മുങ്ങിയ ഇയാളെ കൊല്ലം റെയില്‍വേ സ്‌റ്റേഷന് അടുത്തുവച്ച് പൊലീസ് പിടികൂടിയിരുന്നു.
ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ മാന്യനായ ഒരു അതിഥിയെപ്പോലെ പെരുമാറുകയും ജീവനക്കാരില്‍ വലിയ മതിപ്പുണ്ടാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അഡ്വാന്‍സ് തുകയൊന്നും ആവശ്യപ്പെടാന്‍ അവര്‍ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു. താമസിച്ച ശേഷം ബില്ല് നല്‍കാതെ മുങ്ങിയ ഇയാള്‍ ഹോട്ടലില്‍ നിന്ന് ഒരു ലാപ്‌ടോപ്പും മോഷ്ടിച്ചിരുന്നു. കോടതി ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച ജോണ്‍ വിവാഹം കഴിച്ചിട്ടില്ല. 1980-കളില്‍ ഡല്‍ഹിയില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി നോക്കിയിരുന്നു. ജോലിയുടെ ഭാഗമായി വിനോദസഞ്ചാരികള്‍ക്കൊപ്പം എത്തുമ്പോള്‍ പല ഹോട്ടലുകളും ഇയാള്‍ക്ക് സൗജന്യ താമസം അനുവദിച്ചിരുന്നു. ഒരു ദിവസം ഒരു ആഡംബര ഹോട്ടലിലെ ജീവനക്കാരില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അപമാനമാണ് വലിയ ഹോട്ടലുകളെ ലക്ഷ്യമിടാന്‍ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
1996-ലാണ് ഇയാള്‍ ആദ്യമായി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് തിഹാര്‍ ജയിലിലായ ഇയാള്‍ പിന്നീട് കേരളം, തമിഴ്നാട്, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ പതിനഞ്ച് വര്‍ഷത്തോളം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിഹാര്‍ ജയിലില്‍ കിടക്കുന്ന സമയത്താണ് കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജിന്റെ രീതികളില്‍ താന്‍ സ്വാധീനിക്കപ്പെട്ടതെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഹോട്ടലുകളെ പറ്റിക്കാന്‍ ശോഭരാജിന്റെ വഞ്ചനാ രീതികളാണ് ജോണ്‍ പകര്‍ത്തിയത്.
ജയിലില്‍ മോചിതനായാലുടന്‍ ഇയാള്‍ പുതിയൊരു നഗരത്തിലേക്ക് പോകുമെന്നും വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് ആഡംബരജീവിതം നയിച്ച ശേഷം ബില്ല് നല്‍കാതെ മുങ്ങുകയുമാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.






