17 July, 2026 02:53:57 PM


നിതിന്‍ രാജിന്റെ മരണം: കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്ന് ഹൈക്കോടതി



കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്‍ എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. പ്രതിയെ പിടിക്കാത്തതില്‍ ഉത്തരവാദി എഡിജിപി എച്ച് വെങ്കിടേഷാണെന്ന് ഹൈക്കോടതി പറഞ്ഞു. പരാതി വന്നാല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിട്ടുണ്ട്. അതൃപ്തി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബോഡി ബില്‍ഡര്‍മാരുടെ നിയമന വിഷയം പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ ഡോ. എം കെ റാം മാത്രമാണ് പ്രതി. ഇയാള്‍ നിലവില്‍ ഒളിവിലാണ്. നിലവില്‍ റാം ആന്ധ്രാപ്രദേശിലുള്ളതായാണ് സൂചന.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. ക്ലാസ് മുറിയില്‍വെച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചായിരുന്നു നിതിനെ അധ്യാപകന്‍ അധിക്ഷേപിച്ചത്. അധ്യാപകനെതിരെ അന്ന് നടപടിയെടുത്തിരുന്നെങ്കിലും നടക്കുക മറ്റൊന്നാകുമായിരുന്നുവെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ കോളേജിലെ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951